കേരളതീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ ശബ്ദം കണ്ടെത്തി
അപൂർവമായ കടൽക്കാഴ്ചകൾക്ക് നിരവധിയാണ് കാഴ്ചക്കാർ. കടൽ കാഴ്ചകൾ പോലെത്തന്നെ കടലിലെ ഓരോ ജീവജാലങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ അടക്കം എകെ കൗതുകമാകുകയാണ് നീല തിമിംഗലത്തിന്റെ ചില രസകരമായ വിശേഷങ്ങൾ. കേരള തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞിരിക്കുകയാണ് ഗവേഷകർ. വിഴിഞ്ഞത്ത് ആഴക്കടലിൽ സ്ഥാപിച്ചിരിക്കുന്ന ഹൈഡ്രോ ഫോണിലൂടെയാണ് നീല തിമിംഗലത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞത്.
അതേസമയം മാസങ്ങളായി തുടരുന്ന ഗവേഷണങ്ങളുടെ ഭാഗമായാണ് ഈ കണ്ടെത്തൽ. കഴിഞ്ഞ മാർച്ചിലാണ് വിഴിഞ്ഞത്തെ ആഴക്കടലിൽ ഹൈഡ്രോ ഫോൺ സ്ഥാപിച്ചത്. കേരള തീരത്ത് ബ്രൈഡ് തിമിംഗലം, കില്ലർ തിമിംഗലം എന്നിവയുടെ സാന്നിധ്യം നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ആദ്യമായാണ് കേരളതീരത്ത് നീല തിമിംഗലത്തിന്റെ ശബ്ദം കണ്ടെത്തുന്നത്. നേരത്തെ സമുദ്ര ശാസ്ത്ര ഗവേഷക വിദ്യാർഥിനി ദിവ്യ പണിക്കർ ലക്ഷദ്വീപ് കടലിൽ നിന്നുള്ള ‘നീല തിമിംഗല ഗാനം’ റെക്കോർഡ് ചെയ്ത സംഭവം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കേരള തീരത്ത് നീല തിമിംഗലത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഇവയെകുറിച്ചുള്ള കൂടുതൽ ഗവേഷണങ്ങൾക്ക് ഒരുങ്ങുകയാണ് ശാസ്ത്രലോകം. അതേസമയം ചെറിയ ശബ്ദവീചികളുടെ പാരമ്പരയായാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന ശബ്ദരേഖ. നിലവിൽ തിമിംഗലത്തിന്റ കൂട്ടംകൂടൽ, പുതിയ സ്ഥലങ്ങളിലേക്കുള്ള അധിനിവേശം, ഇണചേരൽ തുടങ്ങിയ ആശയവിനിമയത്തിനായാണ് ഈ ശബ്ദം ഉപയോഗിക്കുക.
Story Highlights: Blue whale’s sound captured for first time in Kerala