ഇരുകണ്ണിനും കാഴ്ച നഷ്ടമായ ആനയെ ആശുപത്രിയിൽ എത്തിക്കാൻ കൈകോർത്ത് ബോളിവുഡ് താരങ്ങൾ
ഉത്തർപ്രദേശിലെ നീന എന്ന പേരുള്ള ആന വാർധക്യസഹജമായ ഒട്ടനവധി രോഗങ്ങൾകൊണ്ട് വലയുകയാണ്. ആയുസിന്റെ അറുപതുവർഷക്കാലവും തെരുവുകളിൽ ഭിക്ഷാടനത്തിനോ ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളിൽ വിവാഹ ഘോഷയാത്രകൾക്കോ ആയി നീനയെ ഉപയോഗിക്കുകയായിരുന്നു. അന്ധയായ ഈ ആനയെ അങ്ങേയറ്റം ദുരുപയോഗം ചെയ്യുന്നത് അടുത്തിടെയാണ് ലോക ശ്രദ്ധയിൽ എത്തിയത്.
കണ്ണിന് കാഴ്ചയും ഇല്ലാത്തതിനാൽ ആനയോടുള്ള ഈ ക്രൂരത ലോകത്തിന്റെ മുന്നിലെത്തിക്കാനും കണ്ണിന് ചികിത്സ നൽകാനും മൃഗങ്ങളുടെ ക്ഷേമ സംഘടനയായ വൈൽഡ്ലൈഫ് എസ്ഒഎസ്, എല്ലാ ആനകളെയും ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ഒരു നിവേദനം നൽകിയിരുന്നു. ഈ നിവേദനത്തിന്റെ ഭാഗമായി ആനയുടെ സംരക്ഷണം ആവശ്യപ്പെട്ട് നിരവധി ബോളിവുഡ് താരങ്ങളാണ് രംഗത്ത് എത്തിയത്.
ആതിയ ഷെട്ടി, ശ്രുതി ഹാസൻ, രൺദീപ് ഹൂഡ, വിവേക് ഒബറോയ്, ആദിൽ ഹുസൈൻ, ജെന്നിഫർ വിൻജെറ്റ്, റമോണ അരീന, ബാനി ജെ, പൂജ ബാത്ര തുടങ്ങിയവരെല്ലാം നിവേദനത്തിൽ പങ്കാളികളായി. ഒടുവിൽ ഈ നിവേദനം ലഭിച്ചതോടെ ഉത്തർപ്രദേശ് വനം വകുപ്പുമായി സഹകരിച്ച് നീനയെ മധുരയിലെ ആശുപത്രിയിലേക്ക് എത്തിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ബോളിവുഡ് പ്രതികരിച്ചതോടെയാണ് നീനയ്ക്ക് ദുരിതാവസ്ഥയിൽ നിന്നും മോചനമായത്.
Story highlights- Bollywood stars help blind elephant reach animal hospital in Mathura