സിലമ്പവും,സുരുൾ വാളും, കളരിപ്പയറ്റും- വിവാഹവേഷത്തിൽ തെരുവിൽ ആയോധനകലയുമായി വധു
വിവാഹദിനം എങ്ങനെയെല്ലാം വ്യത്യസ്തമാക്കാം എന്ന് ചിന്തിക്കുന്നവരാണ് എല്ലാവരും. വേഷത്തിലും ആഘോഷങ്ങളിലുമെല്ലാം എന്തെങ്കിലും കൗതുകം വ്യത്യസ്തതയ്ക്കായി ഒരുക്കാറുണ്ട്. എന്നാൽ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ നിന്നുള്ള ഒരു വധു തന്റെ വിവാഹദിനം വ്യത്യസ്തമാക്കിയത് വേറിട്ട ആയോധനകലാ പ്രകടനത്തിലൂടെയാണ്.
കല്യാണം കഴിഞ്ഞയുടനെ, വധുവായ പി. നിഷ സിലമ്പം വടികളുമായി ‘സുരുൾ വാൾ വീശ്’, ‘രെട്ടൈ കമ്പ്’ തുടങ്ങിയ പ്രകടനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. തൂത്തുക്കുടി ജില്ലയിലെ തിരുക്കോളൂർ ഗ്രാമത്തിലാണ് വിവാഹ ശേഷം ഇങ്ങനെയൊരു കൗതുകം അരങ്ങേറിയത്. കൈയടി അർഹിക്കുന്ന ഒരു കാരണമാണ് പി നിഷയുടെ ഈ പ്രകടനത്തിന് പിന്നിൽ.
സ്വയം പ്രതിരോധം പഠിക്കുന്നതിനെക്കുറിച്ച് പെൺകുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് വിവാഹ സാരി ധരിച്ച് നാടൻ പ്രതിരോധ മുറകൾ അവതരിപ്പിച്ചതെന്ന് വധുവായ നിഷ പറയുന്നു. വിവാഹ സാരിയിലും കനത്ത മേക്കപ്പിലും ആയോധനകല അവതരിപ്പിക്കുന്നത് എളുപ്പമല്ലെങ്കിലും ആളുകളിൽ അവബോധം സൃഷ്ടിക്കാൻ ഇതാവശ്യമായിരുന്നു. വധുവിന്റെ സുഹൃത്തുക്കളും ഒരു മണിക്കൂറോളം ആയോധനകലകൾ അവതരിപ്പിച്ചു.
പരമ്പരാഗത ആയോധനകലകളിൽ അഗ്രഗണ്യയാണ് നിഷ. തമിഴ്‌നാട്ടിൽ ആണുങ്ങൾ മാത്രം അഭ്യസിച്ചിരുന്ന സിലമ്പം, സുരുൾ വാൾ, അടിമുറൈ, കേരളത്തിന്റെ കളരിപ്പയറ്റ്, തീപ്പന്തം തുടങ്ങിയവയിൽ എല്ലാം നിഷ പരിശീലനം നേടിയിട്ടുണ്ട്. അതേസമയം, നിഷയുടെ ഭർത്താവും മറ്റു പെൺകുട്ടികളും ആയോധനകലകൾ ശീലമാക്കണം എന്ന അഭിപ്രായമാണ് പങ്കുവെച്ചത്. പെൺകുട്ടികളിൽ ആയോധനകലകളിലെ വൈഭവം ആത്മവിശ്വാസം വളർത്തുമെന്നാണ് നിഷയുടെ ഭർത്താവായ രാജ്‌കുമാർ പറയുന്നത്.
Story highlights- Bride Performs Martial Arts on Streets