‘അതിജീവനത്തിനായി നമ്മൾ നടത്തുന്ന പോരാട്ടത്തിന്റെ മുന്നണിയിൽ നിന്നുകൊണ്ട് പ്രതിരോധത്തിന്റെ കവചം തീർക്കുന്ന ഡോക്ടർമാർ…’ ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം
മനുഷ്യൻ ഏറെ ഭീതിയോടെ കടന്നുപോകുന്ന ഈ കൊറോണക്കാലത്തും ലോക ജനത ഏറെ ആദരവോടെയും നന്ദിയോടെയും ഓർക്കുകയാണ് ലോകം മുഴുവനുമുള്ള ഡോക്ടർമാരെ.. കേരളത്തിൽ കൊവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളെ ശരിയായ ദിശയിൽ കൊണ്ടുപോകുന്നതിൽ നിസ്തുല പങ്കാണ് ആതുരസേവകർ വഹിക്കുന്നത്. ഈ സാഹചര്യത്തിൽ ഡോക്ടർമാർക്ക് ആദരമർപ്പിക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഡോക്ടറുമാർക്ക് ആദരമർപ്പിക്കുന്നത്.
‘ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനമാണ്. ഒരു സമൂഹത്തിൽ ഡോക്ടർമാർ വഹിക്കുന്നത് എത്രമാത്രം പ്രാധാന്യമുള്ള ഉത്തരവാദിത്വമാണെന്ന് നമ്മൾ അനുഭവിച്ചറിയുന്ന സവിശേഷമായ കാലഘട്ടമാണിത്. കൊവിഡ് മഹാമാരിയിൽ നിന്നും നമ്മെ കാക്കാനായി അവർ നൽകുന്ന സേവനങ്ങളുടെ മഹത്വം വാക്കുകൾക്ക് അതീതമാണ്.
മറ്റ് ആരോഗ്യപ്രവർത്തകർക്കൊപ്പം ഡോക്ടർമാർ ഉയർത്തിപ്പിടിക്കുന്ന ത്യാഗസന്നദ്ധതയും കഠിനാദ്ധ്വാനവും മികച്ച രീതിയിൽ രോഗത്തെ പിടിച്ചു നിർത്തുന്നതിൽ കേരളത്തെ സഹായിച്ച സുപ്രധാന ഘടകമാണ്. കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന വിശ്രമരഹിതമായ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സൃഷ്ടിക്കുന്ന തളർച്ചകൾ വകവയ്ക്കാതെ അവർ തങ്ങളുടെ ഉത്തരവാദിത്വവുമായി മുൻപോട്ടു പോവുകയാണ്. അതു തിരിച്ചറിഞ്ഞ് അവർക്കാവശ്യമായ പിന്തുന്ന നൽകാൻ എല്ലാവരും ബാധ്യസ്ഥരാണ്.
Read also:എംജിക്കൊപ്പം മഞ്ജു വാര്യരും പാടി, ‘കൈതപ്പൂവിൻ കന്നികുറുമ്പിൽ തൊട്ടൂ തൊട്ടില്ലാ…’ മനോഹരം ഈ ആലാപനമികവ്
ഡോക്ടർമാരുടെ ആത്മവീര്യം തകർക്കുന്ന പെരുമാറ്റമോ ഇടപെടലുകളോ ഉണ്ടാകാതെ നോക്കേണ്ടതുണ്ട്. അതിജീവനത്തിനായി നമ്മൾ നടത്തുന്ന പോരാട്ടത്തിന്റെ മുന്നണിയിൽ നിന്നുകൊണ്ട് പ്രതിരോധത്തിന്റെ കവചം തീർക്കുന്നത് ഡോക്ടർമാർ ആണെന്നത് മറന്നുകൂടാ. ഈ ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ അവർക്കുള്ള പിന്തുണ ഉറപ്പു വരുത്തുമെന്ന് നമുക്കു പ്രതിജ്ഞ ചെയ്യാം. എല്ലാ ഡോക്ടർമാർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നു. എല്ലാ പിന്തുണയും ഉറപ്പു നൽകുന്നു.’ മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Story highlights; CM Post about National Doctors day