കോപ്പയിലെ കൊടുങ്കാറ്റായി അർജന്റീന; 28 വർഷങ്ങൾക്ക് ശേഷം കപ്പുയർത്തി നീലപ്പട
ലോക ഫുടബോൾ പ്രേമികൾക്ക് മറക്കാനാകാത്ത ഒരുദിനമായി മാറിയിരിക്കുകയാണ് ജൂലൈ 11. ലാറ്റിൻ അമേരിക്കയുടെ കാൽപ്പന്തുകളിയുടെ ആവേശം നിറഞ്ഞ മത്സരത്തിൽ ബ്രസീലിന്റെ മഞ്ഞപ്പടയെ ഒരു ഗോളിന് കീഴടക്കിയിരിക്കുകയാണ് അർജന്റീനയുടെ നീലപ്പട. ഒട്ടേറെ ചരിത്ര മുഹൂർത്തങ്ങളാണ് മാരക്കാനയിൽ പിറന്നത്.
1993 ന് ശേഷം ആദ്യമായാണ് അർജന്റീന കോപ്പ അമേരിക്ക കിരീടം ഉയർത്തുന്നത്. ജയം ഇരുകൂട്ടർക്കും നിർണായകമായിരുന്നു. സ്വന്തം മണ്ണിൽ തലയുയർത്തി നിൽക്കാനുള്ള ബ്രസീലിന്റെയും വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് അവസാനം വേണമെന്ന അർജന്റീനയുടെയും ദൃഢനിശ്ചയമാണ് മാരക്കാനയിൽ പോരാടിയത്. എന്നാൽ, വിധി ഇത്തവണ അർജന്റീനയ്ക്ക് അനുകൂലമായിരുന്നു.
ബ്രസീൽ ആരാധകർ പോലും ആഗ്രഹിച്ചുപോയ വിജയമാണ് അർജന്റീനയുടേത്. കാരണം, 2016ൽ കോപ്പ അമേരിക്ക പോരാട്ടത്തിൽ പരാജിതനായി കണ്ണുനിറഞ്ഞു കളം വിട്ട മെസ്സി എല്ലാ ഫുട്ബോൾ പ്രേമികളിലും നൊമ്പരം നിറച്ചിരുന്നു. എന്നാൽ, അഞ്ചു വർഷങ്ങൾക്ക് ശേഷം ആ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
1993ന് ശേഷം അർജന്റീന കോപ്പ അമേരിക്ക കിരീടം ചൂടുന്നത് ഇതാദ്യമാണ്. മാത്രമല്ല, ഏറെ നേട്ടങ്ങൾ കയ്യിലുണ്ടെങ്കിലും മെസ്സിയുടെ ആദ്യ രാജ്യാന്തര നേട്ടമായിരുന്നു ഇത്. ഫൈനൽ ആദ്യപകുതി പിന്നിട്ടപ്പോൾ തന്നെ അർജന്റീന മുന്നിട്ടു നിന്നിരുന്നു. 22ആം മിനിട്ടിൽ ഏഞ്ചൽ ഡി മരിയ നേടിയ ഗോളിലാണ് മെസിയും സംഘവും വിജയം മുന്നിൽ ഉറപ്പിച്ചത്.
എന്നാൽ, രണ്ടാം പകുതി കൂടുതൽ സംഘർഷമാണ് സമ്മാനിച്ചത്. പക്ഷെ രണ്ടാം പകുതിയില്‍ തുടരെയെത്തിയ ബ്രസീല്‍ ആക്രമണങ്ങളെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് ചെറുത്തു നിന്നതോടെ കപ്പിലേക്കുള്ള ദൂരം കുറഞ്ഞു. ബ്രസീല്‍ ബോക്സിന് പുറത്ത് പ്രതിരോധം തീർത്ത റെനാന്‍ ലോദിയെ മറികടന്ന് എയ്ഞ്ചല്‍ ഡി മരിയയുടെ കാലുകളിലേക്ക് പന്തെത്തിയതാണ് കളിയുടെ സുവര്‍ണ്ണ നിമിഷം. പിന്നീട് മുൻതൂക്കത്തോടെയായിരുന്നു നീലപ്പടയുടെ കുതിപ്പ്.
സെമിഫൈനലില്‍ കൊളംബിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച ടീമില്‍ അഞ്ച് മാറ്റങ്ങള്‍ വരുത്തിയാണ് പരിശീലകന് ലയണല്‍ സ്കലോനി അര്‍ജന്റീന ടീമിനെ ഫൈനലില്‍ ഇറക്കിയത്. എന്നാൽ, പെറുവിനെതിരെ ഇറങ്ങിയ ടീമിൽ മാറ്റങ്ങൾ ഇല്ലാതെയാണ് ബ്രസീൽ എത്തിയത്.
Story highlights- copa america final; argentina beat brazil