മലയാള സിനിമയിലെ പുതുതലമുറയുടെ നായകൻ; ഫഹദിന് അഭിനന്ദനവുമായി അൽജസീറ
ഒരു നോട്ടം കൊണ്ടുപോലും കാഴ്ചക്കാരിൽ വിസ്‌മയം സൃഷ്ടിക്കുന്ന നടനാണ് ഫഹദ് ഫാസിൽ…അധികം കൊട്ടിഘോഷങ്ങൾ ഇല്ലാതെ വന്ന് പ്രേക്ഷക പ്രീതി നേടുന്നതാണ് ഫഹദ് ചിത്രങ്ങളുടെ പ്രത്യേകത. ചലച്ചിത്ര ആസ്വാദകർക്കിടയിൽ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തിയ മാലിക്. ടേക്ക് ഓഫിന് ശേഷം പ്രേക്ഷകരിലേക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങൾ സമ്മാനിച്ചുകൊണ്ട് മഹേഷ് നാരായണൻ ഒരുക്കിയ ചിത്രത്തിന് അഭിനന്ദനപ്രവാഹങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ അൽജസീറയും രംഗത്തെത്തി. മലയാള സിനിമയിലെ പുതുതലമുറയിലെ പ്രധാനി എന്നാണ് അൽജസീറ ഫഹദിനെ വിശേഷിപ്പിക്കുന്നത്. മാലിക് എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിനൊപ്പം അടുത്തിടെ താരത്തിന്റേതായി പുറത്തുവന്ന ചിത്രങ്ങളിലെ പ്രകടനവും വിലയിരുത്തുന്നതാണ് അൽജസീറ പങ്കുവെച്ച കുറിപ്പ്.
Read also: കമ്പ്യൂട്ടർ മാനും വ്യഞ്ജനാക്ഷരവും; കൗതുകമായി പേരിൽ വ്യത്യസ്തത തേടുന്നവർ
സുലൈമാൻ മാലിക് എന്ന കഥാപാത്രമായി ഫഹദ് വേഷമിടുന്ന ചിത്രം മാലിക്കിന്റെ പല കാലഘട്ടങ്ങളിലെ ജീവിതമാണ് പറയുന്നത്. ഫഹദിനൊപ്പം മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. നിമിഷ സജയൻ, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, ചന്ദുനാഥ്, ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലെ മികവും ഗംഭീര മേക്കിങുമെല്ലാം ചിത്രത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.
Read also: മഞ്ഞുരുകൽ ഭീഷണിയിൽ അന്റാർട്ടിക്ക; ഭൂമിയെ സംരക്ഷിക്കാൻ മഞ്ഞ് പാളിയെ പുതപ്പിച്ച് വിദഗ്ധർ
സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന്‍ തന്നെയാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് മാലിക്കിന്റെ നിര്‍മാണം. 27 കോടി മുതൽമുടക്കിൽ ഒരുക്കിയ ചിത്രമാണ് മാലിക്.
Story Highlights;Crusader of a New Wave in India’s Malayalam cinema-Al Jazeera