സ്മാര്‍ട്‌ഫോണില്‍ നുഴഞ്ഞുകയറിയ ചാവേര്‍; അറിയാം പെഗാസസിനെക്കുറിച്ച്
പെഗാസസ്…. ആ വാക്ക് വീണ്ടും ശ്രദ്ധ നേടിത്തുടങ്ങിയിരിക്കുന്നു. എന്താണ് ഈ പെഗാസസ്….? ഈ ചോദ്യം പലരിലുമുണ്ട്. ഇതൊരു ചാവേറാണ്. സ്മാര്‍ട്‌ഫോണുകളില്‍ നിഴഞ്ഞു കയറുന്ന ചാവേര്‍. 2019-ല്‍ ശ്രദ്ധിക്കപ്പെട്ട പെഗാസസ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തി എന്ന് രാജ്യസഭാ എംപി സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പ്രസ്താവനയ്ക്ക് ശേഷമാണ് വീണ്ടും പെഗാസസ് ശ്രദ്ധ നേടിയത്.
ചാര സോഫ്‌റ്റ്വെയ്‌റായ പെഗാസസ് സത്യത്തില്‍ ഒരു മാല്‍വെയര്‍ ആണ്. ഫോണില്‍ നുഴഞ്ഞുകയറി വിവരങ്ങളെല്ലാം കൈക്കലാക്കിയ ശേഷം സ്വയം നശിക്കുന്നതിനാലാണ് പെഗാസസ് ഒരു ചാവേറാണെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഇസ്രയോല്‍ കമ്പനിയായ എന്‍ എസ് ഒ ഗ്രൂപ്പ് ആണ് ഈ മാല്‍വെയറിനെ വികസിപ്പിച്ചെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതില്‍ തങ്ങള്‍ക്ക് പങ്കിലെന്ന് ഈ കമ്പനി വിശദീകരിച്ചിരുന്നു. എങ്കിലും എന്‍ എസ് ഒ ഗ്രൂപ്പിനെ കേന്ദ്രീകരിച്ചുതന്നെയാണ് അന്വേഷണങ്ങള്‍ പുരോഗമിക്കുന്നത്.
Read more: നാലാംക്ലാസ്സുകാരി ഹിദ മാസങ്ങള്‍ക്ക് മുന്‍പ് പാടി; മാലിക്കിലെ ആ ഹിറ്റ് ഗാനത്തിന്റെ കഥയിങ്ങനെ
എന്തായാലും പെഗാസസ് എന്ന മാല്‍വെയര്‍ അത്ര നിസ്സാരക്കാരനല്ല. ഈ ചാരന്‍ ഫോണില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ വാട്‌സ്ആപ്പ്, ഐമെസ്സേജ്, ജി മെയില്‍, ഫേസ്ബുക്ക്, സ്‌കൈപ്പ് തുടങ്ങിയ എല്ലാ ആശയവിനിമയ സംവിധാനങ്ങളും കൈക്കലാക്കും. മാത്രമല്ല ലൊക്കേഷനനുകളും ഹാക്കര്‍ക്ക് അറിയാന്‍ സാധിക്കും. ഫോണിന്റെ ക്യാമറയും മൈക്രോഫോണും വരെ വിദൂരത്തിരുന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സാധക്കും.
കേവലം ഇന്ത്യയില്‍ മാത്രമല്ല ആഗോള തലത്തില്‍ തന്നെ ചര്‍ച്ചയായതാണ് ഈ മാല്‍വെയര്‍. അറബ് രാജ്യങ്ങളും ഏഷ്യന്‍ രാജ്യങ്ങളുമൊക്കെയാണ് പെഗാസസിന്റ പ്രധാന ലക്ഷ്യങ്ങള്‍ എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അന്‍പതോളം രാജ്യങ്ങളില്‍ നിന്നായി വിവിധ രാഷ്ട്രീയ നേതാക്കളുടേയും മാധ്യമപ്രവര്‍ത്തകരുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയുമൊക്കെ ഫോണുകള്‍ ഈ മാല്‍വെയര്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പെഗാസസിനെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
Story highlights: Detailing about Pegasus spyware