നഷ്‌ടമായ മകനെ തേടി 24 വർഷം നീണ്ട അച്ഛന്റെ യാത്ര; ഒടുവിൽ വൈകാരികമായ ഒത്തുചേരൽ- വിഡിയോ
വിധികൊണ്ട് പിരിഞ്ഞ് കാലങ്ങൾക്കിപ്പുറം ആകസ്മികമായി ഒന്നിക്കുന്ന ഒട്ടേറെ ബന്ധങ്ങളുടെ ഹൃദയം തൊടുന്ന അനുഭവങ്ങൾക്ക് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ, അത്തരത്തിലൊരു അപൂർവ്വ സംഗമം നടന്നിരിക്കുകയാണ് ചൈനയിൽ. നീണ്ട 24 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അച്ഛനും മകനും ഒന്നിച്ച വൈകാരിക മുഹൂർത്തമാണ് ചൈനയിൽ പിറന്നത്.
1997ലാണ് ഗുവോ ഗാങ്‌ടാങിന് മകനെ നഷ്ടമായത്. പിന്നീട് വർഷങ്ങളോളം നീണ്ട തിരച്ചിലായിരുന്നു. മകനെ തേടിയുള്ള യാത്രയിൽ വിവിധ ബൈക്കുകളിൽ 4,80,000 കിലോമീറ്റർ അദ്ദേഹം താണ്ടിക്കഴിഞ്ഞു. ആജീവനാന്തം അദ്ദേഹം തന്റെ സമ്പാദ്യം മകനെ തേടിയുള്ള യാത്രയിൽ നിക്ഷേപിച്ചു.
ഇപ്പോഴിതാ, രണ്ടു പതിറ്റാണ്ടു പിന്നിട്ട തിരയൽ ശുഭമായി പര്യവസാനിച്ചിരിക്കുകയാണ്. ഗാങ്‌ടാംഗ് ഒടുവിൽ മകൻ ഗാവോ സിൻഷെനുമായി ഒന്നിച്ചു. വൈകാരിക നിമിഷങ്ങൾക്ക് മാധ്യമങ്ങളും സാക്ഷിയായി.
ഗാങ്‌ടാങ്ങിന്റെ മകൻ ഹെനാനിലാണ് ഇത്രയും കാലം വളർന്നത്. ഡിഎൻഎ പരിശോധനയിലൂടെ പോലീസ് അയാൾ അവിടെത്തന്നെ ജീവിക്കുന്നുണ്ടെന്ന് കണ്ടെത്തി. 26 വയസുകാരനായ മകൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടി ഇപ്പോൾ അധ്യാപകനായി പ്രവർത്തിക്കുകയാണ്.
1997ൽ ഹെനാൻ പ്രവിശ്യയിൽ നിന്ന് സിൻഷെനെ രണ്ടുപേർ തട്ടിക്കൊണ്ടുപോയതായാണ് കരുതുന്നത്. എന്തായാലും മകനെ കണ്ടെത്താൻ ജീവൻ പണയംവെച്ചാണ് ആ അച്ഛൻ ഇത്രകാലം യാത്ര ചെയ്തത്. പലപ്പോഴും യാത്രകളിൽ ഗുരുതരമായി പരിക്കുപറ്റി.
Read More: വളർച്ചയിൽ ഞെട്ടിച്ച് ഗോൾഡൻ ഫിഷുകൾ; ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയെന്ന് വിദഗ്‌ധർ
സ്വന്തം മകനെ തേടിയുള്ള തിരച്ചിലിനിടയിൽ പലർ തട്ടിക്കൊണ്ടുപോയ ഏഴോളം കുട്ടികളെ രക്ഷിച്ച് മാതാപിതാക്കളെ ഏൽപ്പിക്കാൻ ഗാങ്‌ടാങ്ങിന് സാധിച്ചു. മാത്രമല്ല, മകനെ തേടിയുള്ള ഈ അച്ഛന്റെ യാത്ര 2015ൽ ലോസ്റ്റ് ആൻഡ് ലവ്’ എന്ന സിനിമയ്ക്ക് പ്രചോദനമായി.
Story highlights- Father reunites with abducted son after 24 years