വിമാനം കാറായി മാറാൻ വെറും രണ്ടേകാൽ മിനിറ്റ്; ശ്രദ്ധനേടി പറക്കുംകാറുകൾ
കാറുകൾക്ക് വിമാനമായി മാറാൻ വെറും രണ്ടേകാൽ മിനിറ്റ്…സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഈ പറക്കുംകാറുകൾ സംവിധാനം ഇപ്പോൾ നമുക്ക് മുന്നിലും എത്തിയിരിക്കുകയാണ്. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും വാഹന മേഖലയിൽ ഏറെ ശ്രദ്ധനേടുകയാണ് ഈ പറക്കും കാറുകൾ. രണ്ടു വർഷംകൊണ്ട് ഇരുപത് ലക്ഷം യൂറോ ചിലവഴിച്ച് രൂപപ്പെടുത്തിയ ഈ എയർകാറിന് ഇപ്പോൾ ആവശ്യക്കാരും നിരവധിയാണ്.
ആദ്യകാഴ്ചയിൽ കാറുപോലെത്തന്നെ തോന്നുന്ന ഈ പറക്കും കാറുകൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ കാറാകാനും വിമാനമാകാനും കഴിയും. കഴിഞ്ഞ ദിവസം സ്ലൊവാക്യയിലെ ബ്രാട്ടിസ്ലാവ വിമാനത്താവളത്തിൽ നിന്നും 35 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷണ പറക്കൽ നടത്തിയ എയർകാറിന് സമൂഹമാധ്യമങ്ങളിലും നിറഞ്ഞ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പറക്കും കാറുകളുടെ നിർമാതാവായ പ്രഫ. സ്റ്റെഫാൻ പറഞ്ഞത് പ്രകാരം 1000 കിലോമീറ്റർ ദൂരത്തിലും 8200 അടി ഉയരത്തിലും പറക്കാൻ ഈ കാറുകൾക്ക് കഴിയും. മണിക്കൂറിൽ 170 കിലോമീറ്റർ വേഗത വരെ കൈവരിക്കാൻ ഇവയ്ക്ക് കഴിയും. ഒരേ സമയം രണ്ട് ആളുകൾ ഉൾപ്പെടെ 200 കിലോഗ്രാം ഭാരമാണ് ഇവയ്ക്ക് താങ്ങാനാകുക. അതേസമയം സാധാരണ വിമാനം പറക്കുന്നതുപോലെത്തന്നെ കുറച്ച് സമയം റൺവേയിലൂടെ സഞ്ചരിച്ചതിന് ശേഷം മാത്രമേ ഈ കാറുകൾക്ക് പറക്കാൻ സാധിക്കുകയുള്ളു.
Story highlights:Flying car in Slovakia