ജോഷി ചിത്രത്തിലൂടെ സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും വെള്ളിത്തിരയിൽ ഒന്നിക്കുന്നു; ‘പാപ്പൻ’ ഉടൻ

July 12, 2021

മലയാളികളുടെ പ്രിയതാരം സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുൽ സുരേഷ് കൂടി എത്തുന്ന ചിത്രമാണ് പാപ്പൻ. മലയാളത്തിന് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകൻ ജോഷിയുടെ ചിത്രത്തിലൂടെയാണ് അച്ചനും മകനും ഒന്നിച്ച് വെള്ളിത്തിരയിൽ എത്തുന്നത്. ‘പാപ്പൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.. ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രമായാണ് ഗോകുൽ സുരേഷ് എത്തുന്നത്. മൈക്കിളിന്റെ രണ്ടാനച്ഛനായ പാപ്പൻ ആയാണ് ചിത്രത്തിൽ സുരേഷ് ഗോപി വേഷമിടുന്നത്. ഇരുവർക്കും പുറമെ നൈല ഉഷ, സണ്ണി വെയ്ന്‍, നീതാ പിള്ള തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ആര്‍ ജെ ഷാന്‍, ജേക്സ് ബിജോയ്, അജയ് ഡേവിഡ് കാച്ചപ്പിള്ളി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

Read also:എന്താണ് സിക്ക വൈറസ്, ലക്ഷണങ്ങൾ എന്തൊക്കെ..?, സിക്ക വൈറസിനെക്കുറിച്ച് അറിയേണ്ടതെല്ലാം

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് പാപ്പൻ. അതേസമയം 2014-ല്‍ പ്രേക്ഷകരിലേക്കെത്തിയ സലാം കാശ്മീര്‍ ആണ് ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ അവസാന സുരേഷ് ഗോപി ചിത്രം. ആക്ഷനും പ്രണയവും വീരവും രൗദ്രവുമെല്ലാം കഥാപാത്രങ്ങളില്‍ ആവാഹിച്ച് കൈയടി നേടുന്ന നടനാണ് മലയാളത്തിന്റെ ആക്ഷന്‍ സ്റ്റാര്‍ സുരേഷ് ഗേപി. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമായിരിക്കുകയാണ് താരം. സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായെത്തുന്ന നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

Story Highlights:Gokul suresh joins with Suresh Gopi’s pappan