വലയില്‍ കുടുങ്ങിയപ്പോള്‍ രക്ഷിച്ചു, നന്ദിയോടെ ആ നായ പൊലീസുകാരനെ തേടിയെത്തി; അങ്ങനെ ആ വീട്ടിലെ ഒരു അംഗവുമായി
സമൂഹമാധ്യമങ്ങളില്‍ പലപ്പോളും ഹൃദ്യമായ ചില അനുഭവകഥകള്‍ ഇടം പിടിക്കാറുണ്ട്. പ്രത്യേകിച്ച് സ്‌നേഹവും കരുതലുമൊക്കെ പ്രതിഫലിക്കുന്ന ചില കഥകള്‍. അടുത്തിടെ വലയില്‍ കുടുങ്ങിയ ഒരു നായയെ രക്ഷപ്പെടുത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആ നായ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ ഒരു അഗംത്തെ പോലെ ആയി മാറിയിരിക്കുകയാണ്.
തൊട്ടില്‍പ്പാലം പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ ശ്രീനാഥ് വി കെയാണ് ഈ അനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വലയില്‍ കുടുങ്ങിയ നായയെ രക്ഷപ്പെടുത്തുന്ന വിഡിയോ ശ്രീനാഥ് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ‘ഡ്യൂട്ടിക്കിടയിലെ പെടാപ്പാട്’ എന്ന അടിക്കുറിപ്പോടെ പ്രത്യക്ഷപ്പെട്ട വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
എന്നാല്‍ ഈ കഥയെ കൂടുതല്‍ ആകര്‍ഷണമാക്കുന്നത് നന്ദിയോടെ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയ നായയാണ്. തന്നെ രക്ഷപ്പെടുത്തിയതിന്റെ നന്ദിയും സ്‌നേഹവുമെല്ലാം നേരിട്ടുതന്നെയെത്തി നായ പ്രകടിപ്പിച്ചു എന്നതും അല്‍പം കൗതുകകരമാണ്. വാഹനത്തെ പിന്‍തുടര്‍ന്ന് നായ വീട്ടിലെത്തിയ കാര്യവും സമൂഹമാധ്യമങ്ങളില്‍ ശ്രീനാഥ് പങ്കുവെച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ വാക്കുകള്‍
വലയില്‍ കുടുങ്ങിയ ഒരു പട്ടിയെ രക്ഷപ്പെടുത്തുന്നതില്‍ ഞാന്‍ നിമിത്തമായി. ആ വിഡിയോ കുറെ പേര് അംഗീകരിച്ചു. കുറെ സുമനസുകള്‍ എന്നെ കളിയാക്കി. കളിയാക്കുന്നവര്‍ക്കും അംഗീകരിക്കുന്നവര്‍ക്കും രണ്ട് മനസ്സ്. നല്ലതായാലും വെടക്കായാലും ആ മനസുകള്‍ ഞാന്‍ അംഗീകരിക്കുന്നു. പിറ്റേന്ന് സ്റ്റേഷനില്‍ പോയി തിരികെ വീട്ടിലേക്ക് വരുമ്പോള്‍ കിലോമിറ്ററുകള്‍ എന്റെ വണ്ടിക്ക് പിറകെ വലാട്ടി ഓടിയ കഴിഞ്ഞ ദിവസം ഞാന്‍ പുതു ജീവന്‍ നല്‍കിയ ആ ജീവനെ ഞാനെന്റെ വീട്ടിലെ ഒരു അംഗമാക്കി.
Story highlights: Heart touching story of a police officer and a dong