ആ വാക്കുകൾ പതിച്ചത് ഹൃദയത്തിൽ; പൊന്നിൽകുളിച്ച നേട്ടവുമായി കായ്‌ലി

July 28, 2021

ലോകത്ത് കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലും ഒളിമ്പിക്‌സ് ആവേശം കായികപ്രേമികളിൽ ഒട്ടും കുറവല്ല… ടോക്കിയോ ഒളിമ്പിക്‌സിൽ നിന്നും ജയപരാജയങ്ങളുടെ വർത്തകൾക്കൊപ്പം ചില കൗതുകം നിറഞ്ഞ വാർത്തകളും ശ്രദ്ധിക്കപ്പെടുന്നുണ്ട്. അത്തരത്തിൽ ലോകശ്രദ്ധ നേടുകയാണ് വനിതകളുടെ ബാക് സ്ട്രോക് നീന്തൽ മത്സരത്തിൽ പൊന്നിൽകുളിച്ച വിജയവുമായി നീന്തി എത്തിയ ഓസ്‌ട്രേലിയൻ താരം കായ്‌ലി മക്യൂ…

ഇരുപത് വയസുകാരി കായ്‌ലി നീന്തൽ മത്സരത്തിൽ സ്വർണ നേട്ടവുമായി എത്തുമ്പോൾ മറ്റൊരു ലോകത്തിരുന്ന് കായ്‌ലിയുടെ നേട്ടങ്ങൾ കാണുന്നുണ്ടാകും കായ്‌ലിയുടെ പിതാവ് ഷോൾട്ടോ. നിറകണ്ണുകളോടെ സ്വർണമെഡൽ സ്വീകരിക്കുമ്പോൾ അച്ഛന് താൻ കൊടുത്ത വാക്കുകൾ പാലിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാകും കായ്‌ലിയും.

Read also:മെഡൽ നഷ്ടമായി, എങ്കിലും മരിയക്കിത് സന്തോഷദിനം; വൈറലായി ഒരു വിവാഹാഭ്യർത്ഥന

ബ്രെയിൻ ട്യൂമർ ബാധിച്ച് കഴിഞ്ഞ ഓഗസ്റ്റിലാണ് കായ്‌ലിയുടെ പിതാവ് മരണമടഞ്ഞത്. മരണത്തിന് തൊട്ട് മുൻപും ഒളിമ്പിക്‌സ് പരിശീലനം മുടക്കരുത് എന്നായിരുന്നു പിതാവ് കായ്‌ലിയ്ക്ക് നൽകിയ ഉപദേശം. മുൻ നീന്തൽ താരം കൂടിയായ പിതാവിന്റെ ആഗ്രഹമായിരുന്നു മകളുടെ ഒളിമ്പിക്‌സ് നേട്ടം. അതേസമയം അച്ഛൻ നൽകിയ പ്രചോദനമാണ് തന്റെ വിജയത്തിന് കാരണം എന്നാണ് കായ്‌ലി പറഞ്ഞത്. കായ്‌ലിയുടെ കാലുകളിൽ ‘ഞാൻ എപ്പോഴും നിന്റെ കൂടെ ഉണ്ടാകും’ എന്ന അച്ഛന്റെ വാക്കുകളും പച്ച കുത്തിയിട്ടുണ്ട്.

അതേസമയം ബാക് സ്ട്രോക് നീന്തലിൽ സ്വർണം നേടുന്ന ആദ്യ ഓസ്‌ട്രേലിയൻ വനിതാ എന്ന റെക്കോർഡും ഇനി കായ്‌ലിയ്ക്ക് സ്വന്തമാണ്.

Story highlights: Kaylee McKeown Dedicates 100 Back Olympic Gold to Father