തിരക്കഥാകൃത്തായി ലെന; പുതിയ ചിത്രം ഒരുങ്ങുന്നു

July 16, 2021
Lena as a scriptwriter in Olam movie

അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും പരിപൂര്‍ണ്ണതയിലെത്തിച്ച് കൈയടി നേടുന്ന താരമാണ് ലെന. നിരവധിയാണ് താരം മലയാള ചലച്ചിത്രാസ്വാദകര്‍ക്ക് സമ്മാനിച്ച കഥാപാത്രങ്ങളും. അഭിനയത്തിന് പുറമെ സിനിമയിലെ മറ്റൊരു മേഖലയില്‍ക്കൂടി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. തിരക്കഥാകൃത്തായാണ് പുതിയ ചിത്രത്തില്‍ ലെനയുടെ ചുവടുമാറ്റം.

ഓളം എന്നാണ് ലെന തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിന്റെ പേര്. നവാഗതനായ വി എസ് അഭിലാഷ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നൗഫല്‍ പുനത്തിലാണ് ചിത്രത്തിന്റെ നിര്‍മാണം. ചലച്ചിത്രതാരം സൗബിന്‍ ഷാഹിര്‍ ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്ററും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. 23 വര്‍ഷത്തെ അഭിനയ ജീവിതത്തിന് ശേഷമാണ് ഓളം എന്ന ചിത്രത്തിലൂടെ ലെന തിരക്കഥാ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്.

Read more: ‘ഇതൊന്നും ഇടില്ലല്ലോ അല്ലേ’; ക്യൂട്ട്നെസ് നിറച്ച് മേഘ്‌നക്കുട്ടി, ചിരി നിമിഷം

നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് പുതിയ ചിത്രത്തില്‍. അര്‍ജുന്‍ അശോകന്‍, ലെന, ബിനു പപ്പു, ഹരിശ്രീ അശോകന്‍, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുണ്‍ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധയകന്‍. അസ്‌കര്‍ ഛായാഗ്രഹണവും സംജിത്ത് മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കുന്നു.

Story highlights: Lena as a scriptwriter in Olam movie