പ്രിയതമയോടുള്ള സ്നേഹം, ഉളിയിൽ കൊത്തിയത് 6000 പടികളുള്ള പാത; മനോഹരം ഈ പ്രണയകഥ
അതിമനോഹരമായ നിരവധി പ്രണയ കഥകൾ നമുക്ക് സുപരിചിതമാണ്. പ്രണയത്തിനൊപ്പം തന്നെ പ്രണയോപഹാരങ്ങളും പലപ്പോഴും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ പോലും മുഗൾചക്രവർത്തിയായ ഷാജഹാൻ തന്റെ പ്രിയതമ മുംതാസിനോടുള്ള സ്നേഹത്തിന്റെ ഉപഹാരമായി ഒരുക്കിയതാണ്.. അത്തരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു പ്രണയകഥയാണ് ലീ യു ഗുജിയാങ്- സൂ ചാവോക്കിങ് ദമ്പതികളുടേത്.
ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചതാണ് ചൈനയിലെ ഈ ദമ്പതികളുടെ പ്രണയം. അരനൂറ്റാണ്ട് മുൻപ് വിധവയായ സൂ ചാവോക്കിങ് തന്നെക്കാൾ പ്രായം കുറഞ്ഞ ലീ യു ഗുജിയാങിന്റെ ജീവിതത്തിലേക്ക് എത്തിയപ്പോൾ നിരവധി എതിർപ്പുകളാണ് ഇവരെ കാത്തിരുന്നത്. എന്നാൽ വർഷങ്ങൾക്ക് ശേഷം ലോകം മുഴുവൻ അത്ഭുതത്തോടെ കൈയടിക്കുകയാണ് ഇവരുടെ സ്നേഹത്തിന് മുൻപിൽ.
ആദ്യ ഭർത്താവിന്റെ മരണശേഷം നാല് മക്കളുമായി വളരെ ബുദ്ധിമുട്ടിയാണ് സൂ ചാവോക്കിങ് കഴിഞ്ഞത്. ഒരിക്കൽ അവിചാരിതമായാണ് ലീ സൂവിന്റെ ജീവിതത്തിലേക്ക് എത്തിയത്. പിന്നീട് സൂവിനെ എല്ലാ ജോലികളിലും ലീ സഹായിക്കാൻ തുടങ്ങി. അങ്ങനെ തന്നെക്കാൾ പത്ത് വയസ് കുറവുള്ള ലീയുമായി സൂ പ്രണയത്തിലായി. എന്നാൽ സമൂഹം ഇവരെ വല്ലാതെ ഒറ്റപ്പെടുത്തി. ഇരുവരെയും ചേർത്ത് ഇല്ലാക്കഥകൾ പറഞ്ഞുതുടങ്ങി. തങ്ങളുടെ ഗ്രാമത്തിൽ സമാധാനമായി ഒരുമിച്ചൊരു ജീവിതം സാധ്യമല്ലെന്ന് കണ്ടതോടെ ലീയും സൂവും ഒരു മലമുകളിലെ ഒറ്റപ്പെട്ട ഇടങ്ങളിലേക്കായി താമസം. എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് മലമുകളിലെ ഗുഹയിൽ താമസമാക്കിയ ഇവർക്ക് ആദ്യമൊക്കെ ഇവിടുത്തെ ജീവിതം അതികഠിനമായിരുന്നു. എന്നാൽ പരസ്പരമുള്ള സ്നേഹത്തിന് മുന്നിൽ മറ്റ് തടസങ്ങളൊക്കെ ഇവർ അവഗണിച്ചു.
Read also: ‘അത്ഭുതം എന്നല്ലാതെ എന്ത് പറയാനാണ്’; ഇതാണ് എം ജിയുടെ കണ്ണ് നിറച്ച മിയക്കുട്ടിയുടെ ആ ഗാനം
ഈ മലമുകളിൽ നിന്നും താഴ്വാരങ്ങളിലേക്ക് ഇറങ്ങുക വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരുന്നു. അതുകൊണ്ടുതന്നെ വളരെ ബുദ്ധിമുട്ടിയാണ് സൂ ഇവിടെ നിന്നും താഴേക്ക് ഇറങ്ങിയിരുന്നത്. എന്നാൽ ഭാര്യയുടെ ബുദ്ധിമുട്ടുകൾ മനസിലാക്കിയ ലീ ഇവിടെ ഒരു നടപ്പാത ഒരുക്കി. ഉളി ഉപയോഗിച്ച് മലമുകളിൽ നിന്നും താഴ്വാരത്തിലേക്ക് 6000-ത്തോളം പടികളാണ് ലീ ഒരുക്കിയത്. അമ്പത് വർഷക്കാലം ഇരുവരും സന്തോഷമായി ജീവിച്ചു. 2007 ൽ 72 ആം വയസിൽ ലീ മരണത്തിന് കീഴടങ്ങി. അഞ്ച് വർഷങ്ങൾക്ക് ശേഷം സൂവും മരിച്ചു. എന്നാൽ ഇരുവരുടെയും പ്രണയത്തിന്റെ ഒരിക്കലും മരിക്കാത്ത ഓർമയായി ഇന്നും ആ പടികൾ നിലനിൽക്കുന്നുണ്ട്.
Story Highlights: Man Carves 6000 Steps Up Mountain For Love