‘ബാഹുബലി’യിൽ നയൻതാരയും; വെബ് സീരീസ് ഒരുങ്ങുന്നു
ഇന്ത്യൻ സിനിമ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ വിജയമായിരുന്നു എസ് എസ് രാജമൗലി സംവിധാനം നിർവഹിച്ച ബാഹുബലി. ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളിൽ ഒരാളായിരുന്നു രമ്യ കൃഷ്ണൻ അവതരിപ്പിച്ച രാജമാതാ ശിവകാമി ദേവി. ശിവകാമിയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന വെബ് സീരീസിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ പ്രിയതാരം നയൻതാര. അതേസമയം നയൻതാര ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസാണിത്. എന്നാൽ സീരീസിൽ ഏത് കഥാപാത്രത്തെയായിരിക്കും താരം അവതരിപ്പിക്കുക എന്ന കാര്യത്തിൽ ഇതുവരെ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.
ബാഹുബലിക്കും മുമ്പുള്ള കാലഘട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ‘ബാഹുബലി: ബിഫോർ ദി ബിഗിനിംഗ്” എന്ന നെറ്റ്ഫ്ലിക്സ് സീരീസ് “ബാഹുബലി: ദി ബിഗിനിംഗ്”, “ബാഹുബലി: കൺക്ലൂഷൻ” എന്നിവയുടെ പ്രിക്വൽ ആണ്. ആനന്ദ് നീലകണ്ഠൻ എഴുതിയ ‘ദി റൈസ് ഓഫ് ശിവകാമി’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചത്രം നിർമ്മിക്കുന്നത് എന്നാണ് സൂചന.
ബാഹുബലി നിര്‍മ്മാതാക്കളും സംവിധായകനുമായ അര്‍ക്ക മീഡിയ വര്‍ക്ക്സും എസ് എസ് രാജമൗലിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സീരീസിൽ ശിവകാമിയുടെ വേഷത്തിൽ എത്തുന്നത് മലയാളികൾക്ക് സുപരിചിതയായ പഞ്ചാബി താരം വാമിഖ ഗബ്ബിയാണ്. രാഹുൽ ബോസ്, അതുൽ കുൽക്കർണി എന്നിവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു മണിക്കൂര്‍ വീതമുള്ള ഒമ്പത് ഭാഗമായാണ് ഒരു സീസണ്‍.
Read also;വാലി ഫങ്കിന് ഇത് മധുരപ്രതികാരം; ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയായി ഈ 82- കാരി
അതേസമയം തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ് ഭാഷകളിൽ പുറത്തിറങ്ങിയ ബാഹുബലി 1700 കോടിയിലധികം കളക്ഷൻ ഇന്ത്യൻ ബോക്സ് ഓഫിസിൽ നിന്നും നേടിയിരുന്നു. പിന്നീട് ചിത്രം ചൈനയിലും ജപ്പാനിലും പ്രദർശിപ്പിച്ച് വൻ വിജയം നേടിയിരുന്നു.
Story Highlights: nayanthara to act in netflix original baahubali