നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ ആസ്വാദകരിലേക്ക്; ശ്രദ്ധ നേടി പെര്ഫ്യൂമിലെ ഗാനം
കാലത്തിന്റെ കുത്തൊഴുക്കില്‍ പെടാത്ത ശുദ്ധ സംഗീതത്തിന്റെ സൗന്ദര്യം; ശ്രീകുമാരന്‍ തമ്പിയുടെ വരികളില്‍ നിറഞ്ഞു നില്ക്കുന്നതും അതായിരുന്നു. എത്ര കേട്ടാലും മതിവരാത്ത, അല്ലെങ്കില്‍ കേള്‍ക്കും തോറും ഇഷ്ടം കൂടുന്ന ഒരു മാന്ത്രികതയുണ്ട് ആ വരികള്‍ക്ക്. നാളുകള്‍ക്ക് ശേഷം ഹൃദയഗീതങ്ങളുടെ കവി കുറിച്ച വരികള്‍ വീണ്ടും പ്രേക്ഷരിലേക്കെത്തിയിരിക്കുന്നു.
പെര്‍ഫ്യൂം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ശരിയേത് തെറ്റേത്…. എന്ന ഗാനം ഇതിനോടകംതന്നെ ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടി. രാജേഷ് ബാബു കെ ആണ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. മധുശ്രീ നാരയണന് ആണ് ആലാപനം. കനിഹ, പ്രതാപ് പോത്തന്, ടിനി ടോം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് പെര്‍ഫ്യൂം. സംഗീതത്തിനും ചിത്രത്തില്‍ വളരെയേറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഹരിദാസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ ഇതിനോടകം തന്നെ ആസ്വാദകഹൃദയങ്ങള്‍ കീഴടക്കി. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ആ തൂലികയില്‍ നിന്നും ഒരു ഗാനം പ്രേക്ഷകരിലേക്കെത്തുന്നതും. കാലാന്തരങ്ങള്‍ക്കും അപ്പുറം നിത്യശോഭയോടെ തെളിഞ്ഞു നില്ക്കുന്നവയാണ് അദ്ദേഹത്തിന്റെ വരികള്‍. മൂവായിരത്തിലേറെ ഗാനങ്ങള്‍ വിരിഞ്ഞിട്ടുണ്ട് ഈ മഹാരഥന്റെ തൂലികയില്‍.
‘അകലെയകലെ നീലാകാശം…,’ ‘ചിരിക്കുമ്പോള്‍ കൂടെ ചിരിക്കുന്ന…’, ‘ഹൃദയസരസ്സിലേ…’, ‘ചന്ദ്രികയിലലിയുന്നു…’, ‘ഉത്തരാസ്വയംവരം…’, ‘പാടാത്ത വീണയും…’, 1970 കളിലെ സുന്ദര ഗാനങ്ങളെല്ലാം ശ്രീകുമാരന്‍ തമ്പിയുടെ സൃഷ്ടികളാണ്. പതിറ്റാണ്ടുകള്‍ ഏറെ പിന്നിട്ടിട്ടും ഒരു പൈതൃകം എന്നോണം ഈ പാട്ടുകള്‍ തലമുറകള്‍ ഏറ്റു പാടിക്കൊണ്ടേയിരിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും നിത്യയൗവ്വനത്തിലാണ് ഈ ഗാനങ്ങള്‍ എന്നു പറയാം.
Story highlights: Perfume movie Sheriyethu song written by Sreekumaran Thampi