തീരത്ത് കണ്ടെത്തിയത് 45 കിലോയോളം ഭാരമുള്ള അപൂർവ മത്സ്യത്തെ; കാരണം…

കാഴ്ചക്കാരിൽ മുഴുവൻ കൗതുകമാകുകയാണ് ഒറിഗൺ തീരത്തടിഞ്ഞ 45 കിലോയോളം ഭാരമുള്ള കൂറ്റൻ മത്സ്യം. മൂൺ ഫിഷ് എന്നറിയപ്പെടുന്ന അപൂർവ ഇനത്തിൽപെട്ട ഈ മത്സ്യം പൊതുവെ ആഴക്കടലിൽ കാണപ്പെടുന്ന മത്സ്യങ്ങളാണ്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മൂലമാകാം ഈ മത്സ്യം കരയ്ക്കടുത്തത് എന്നാണ് കരുതപ്പെടുന്നത്. കടലിൽ ചൂട് കൂടിയതിന്റെ ഫലമായാണ് ഈ മത്സ്യം കരയിലേക്ക് എത്തിയത് എന്നും കരുതപ്പെടുന്നു.

3.5 അടിയോളം നീളവും 45 കിലോയോളം ഭാരവുമുള്ള ഈ മത്സ്യത്തെ കൂടുതൽ പഠനാവശ്യങ്ങൾക്കായി ശീതികരിച്ച് സൂക്ഷിക്കാനാണ് അധികൃതരുടെ തീരുമാനം. പരന്ന ശരീരപ്രകൃതിയാണ് ഇവയ്ക്ക്. അതുകൊണ്ടുതന്നെ വേഗത്തിൽ സഞ്ചരിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. കടൽപ്പരപ്പിൽ നിന്നും ഏകദേശം 500 മീറ്റർ ആഴത്തിൽ കാണപ്പെടുന്ന ഇവ പൊതുവെ മത്സ്യബന്ധനക്കാർക്കും പിടികൊടുക്കാറില്ല. കാഴ്ചയിൽ വളരെ മനോഹരമായാണ് ഇവ കാണപ്പെടുന്നത്. ഇവയുടെ ശരീരത്തിന്റെ പകുതി ഭാഗം ചാരനിറവും ഓറഞ്ച് നിറത്തിലുമാണ് കാണപ്പെടുന്നത്. തിളക്കമാർന്ന ഇവയുടെ ശരീരത്തിൽ വെള്ളപ്പൊട്ടുകളും കാണാം.

Read also: വാലി ഫങ്കിന് ഇത് മധുരപ്രതികാരം; ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയായി ഈ 82- കാരി

അതിന് പുറമെ സമുദ്രത്തിൽ കാണപ്പെടുന്ന സമ്പൂർണ ഉഷ്ണരക്തമുള്ള വളരെ അപൂർവമായ മത്സ്യങ്ങളിൽ ഒന്ന് കൂടിയാണ് മൂൺ ഫിഷ്. മറ്റ് മത്സ്യങ്ങളെ അപേക്ഷിച്ച് വേഗത്തിൽ നീന്താനും ഇരപിടിക്കാനും ഇവയ്ക്ക് കഴിയും. ഇവയുടെ കണ്ണുകൾക്കും നല്ല കാഴ്ചയാണ്. മൂൺ ഫിഷ്, കിംഗ് ഫിഷ് അഥവാ ഒപാ മത്സ്യങ്ങൾ എന്നൊക്കെ ഇവ അറിയപ്പെടുന്നു. പൂർണ വളർച്ചയെത്തിയ ഇത്തരം മത്സ്യങ്ങൾക്ക് 90 കിലോയോളം വരെ ഭാരം ഉണ്ടാകാറുണ്ട്.

Story Highlights: Rare moon fish discovered in beach side