വാലി ഫങ്കിന് ഇത് മധുരപ്രതികാരം; ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയായി ഈ 82- കാരി
വാലി ഫങ്കിനെ സംബന്ധിച്ച് ഈ ജൂലൈ 20 ഒരു മധുരപ്രതികാരത്തിന്റെ ദിവസം കൂടിയായിരുന്നു. കാരണം കഴിഞ്ഞ 60 വർഷങ്ങളായുള്ള തന്റെ ആഗ്രഹം സഫലമായ ദിനമായിരുന്നു ഈ ജൂലൈ 20. ശതകോടീശ്വരനായ ജെഫ് ബേസെസോസിന്റെ ബഹിരാകാശ യാത്രയിൽ ഉൾപ്പെട്ടതോടെയാണ് വർഷങ്ങളായുള്ള വാലി ഫങ്കിന്റെ ആഗ്രഹം പൂർത്തിയായത്. ഇതോടെ ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയെന്ന റെക്കോർഡും ഇനി വാലി ഫങ്കിന് സ്വന്തം.
1939 ൽ ന്യൂ മെക്സിക്കോയിലാണ് വാലി ഫങ്ക് ജനിച്ചത്… 1961 ൽ ബഹിരാകാശ യാത്രയ്ക്കുള്ള നാസയുടെ പരിശീലനം പൂർത്തിയാക്കിയ വാലി ഫങ്ക്, കഴിഞ്ഞ 60 വർഷമായി ആ യാത്രയ്ക്കായി കാത്തിരിക്കുകയാണ്… ഇപ്പോഴിതാ 82–ാം വയസിൽ തന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് വാലി ഫങ്ക്. ജെഫ് ബേസെസോസും വാലി ഫങ്കും ഉൾപ്പെടെ നാല് പേരാണ് ബഹിരാകാശ യാത്രയിൽ ഉൾപ്പെട്ടത്.
അതേസമയം 1961 ൽ ബഹിരാകാശ യാത്രയ്ക്കുള്ള നാസയുടെ പരിശീലനം പൂർത്തിയാക്കിയ വാലി ഫങ്ക് ആ യാത്രയ്ക്കായി കാത്തിരിക്കുന്ന വേളയിലാണ്, വനിതകളുടെ ബഹിരാകാശ പദ്ധതിയായ മെർക്കുറി 13 നാസ ഉപേക്ഷിച്ചത്. ഇതോടെ ബഹിരാകാശ യാത്ര എന്ന വാലി ഫങ്കിന്റെ സ്വപ്നം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. എന്നാൽ ഇപ്പോഴിതാ ഈ 82–ാം വയസിൽ ഈ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് വാലി ഫങ്ക്.
ജെഫ് ബേസെസോസ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ബഹിരാകാശ യാത്രയിൽ വാലി ഫങ്കിനെയും ഉൾപ്പെടുത്തുന്ന വിവരം പങ്കുവെച്ചത്. ‘ഇത്രയും കാലം ആരും കാത്തിരുന്നിട്ടുണ്ടാവില്ല’ എന്ന ക്യാപ്ഷനോടെയാണ് ജെഫ് ബേസെസോസ് ഇക്കാര്യം പങ്കുവെച്ചത്. അതേസമയം ‘ഈ ജന്മത്ത് ഇനി ബഹിരാകാശത്തേക്ക് പോകാൻ കഴിയുമെന്ന് വിചാരിച്ചിരുന്നില്ല’ എന്നാണ് വാലി ഫങ്ക് പ്രതികരിച്ചത്.
ഭൂമിയിൽ നിന്നും 100 കിലോമീറ്റർ ഉയരത്തിലാണ് ജെഫ് ബേസെസോസും സംഘവും പറന്നത്. ഭാരമില്ലായ്മ ഏതാനും മിനിറ്റുകൾ അനുഭവിച്ച ശേഷം ഇവർ തിരികെ ഭൂമിയിലേക്ക് വന്നു.
Story Highlights: record for wally funk after space flight