‘തീ പിടിച്ച വെള്ളം’; ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയ കണ്ടെത്തലിന് പിന്നിൽ
സഞ്ചാരപ്രിയരുടെ ഇഷ്ടഇടങ്ങളിൽ ഒന്നാണ് കാഴ്ചയിലും അനുഭവത്തിലും വ്യത്യസ്തതകൾ സമ്മാനിക്കുന്ന ജമൈക്ക…വെളുത്ത മണലാര്യങ്ങളും ഇടതൂർന്ന് നിൽക്കുന്ന മഴക്കാടുകളും ഓഫ് യാത്രകൾക്കായി ഒരുക്കിയ വഴികളുമായി വളരെ മനോഹരമാണ് ഈ പ്രദേശം. എന്നാൽ ജമൈക്കയിൽ വിനോദസഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്ന ഇടം വിൻഡ്സർ മിനറൽ സ്പ്രിങ് എന്ന കുളമാണ്. ഈ കുളത്തിലെ വെള്ളത്തിന്റെ പ്രത്യേകത കൊണ്ടാണ് ഈ ഇടം യാത്രക്കാരുടെ പ്രിയ ഇടമായി മാറുന്നത്.
തീ പിടിയ്ക്കുന്ന വെള്ളമാണ് ഇവിടുത്തേത്. കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും പ്രകൃതി ഒരുക്കിയ അത്ഭുത കാഴ്ചയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഈ വെള്ളത്തിൽ അടങ്ങിയ ഉയർന്ന അളവിലുള്ള പ്രകൃതി വാതകമാണ് ഇത്തരത്തിൽ വെള്ളത്തിന് തീ പിടിയ്ക്കാൻ കാരണം. ജലത്തിൽ വലിയ തോതിൽ പ്രകൃതി വാതകങ്ങൾ അടങ്ങിയതിനാൽ വെള്ളത്തിന് മുകളിൽ എപ്പോഴും കുമിളകൾ പൊങ്ങി വരുന്നത് കാണാം. ഇടയ്ക്കിടെ വെള്ളത്തിന് മുകളിൽ തീ പടർന്നിരിക്കുന്ന കാഴ്ചകളും ഇവിടെത്തുന്നവരെ അത്ഭുതപ്പെടുത്തുന്നുണ്ട്. ഇതിന് പുറമെ സഞ്ചാരികൾക്ക് വെള്ളത്തിൽ ഇറങ്ങുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
അതേസമയം തീപിടിക്കുന്ന കുളത്തിലെ വെള്ളത്തിന്റെ ചിത്രങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധിപേരാണ് ഈ ചിത്രം വ്യാജമാണെന്ന തരത്തിൽ പ്രതികരിച്ചത്. എന്നാൽ വിൻഡ്സർ മിനറൽ സ്പ്രിങ് കുളത്തിലെ വെള്ളത്തിന്റെ ചിത്രങ്ങളാണിത്.
Read also:പ്രായം വെറും നാല് വയസ്, ചെയ്യുന്നതോ വലിയ കാര്യങ്ങൾ; സമുദ്ര സംരക്ഷണത്തിനിറങ്ങിയ നീന
ഏകദേശം 80 വർഷങ്ങൾക്ക് മുൻപാണ് ഈ വെള്ളത്തിന്റെ പ്രത്യേകത ആളുകൾ അറിയുന്നത്. ഒരിക്കൽ തന്നെ ആക്രമിക്കാൻ വന്ന കടന്നലുകളെ തുരത്തുന്നതിനായി പന്തം ഉണ്ടാക്കിയ ഒരു സ്ത്രീ, അത് കെടുത്തുന്നതിനായി പന്തം വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് ഈ വെള്ളം ആളിക്കത്തുന്നത് ആദ്യമായി കണ്ടത്. എന്നാൽ ആദ്യം ഇത് പ്രേതബാധ ആണെന്നായിരുന്നു ഇവിടുത്തുകാർ വിചാരിച്ചിരുന്നത്. എന്നാൽ പിന്നീട് ശാസ്ത്രലോകം ഈ വെള്ളത്തിന്റെ പ്രത്യേകത കണ്ടെത്തിയതോടെ അന്ന് മുതൽ വിനോദസഞ്ചാരികളുടെ ഇഷ്ടഇടമായി മാറിക്കഴിഞ്ഞു തീ കത്തുന്ന ഈ വെള്ളവും കുളവുമെല്ലാം.
Story Highlights: Secret behind images of fire water pond