‘സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി 251’ മനോഹരമായ ആ പോസ്റ്റര്‍ പിറന്നതിങ്ങനെ: മേക്കിങ് വിഡിയോ

July 5, 2021
SG 251 poster making video

വെള്ളിത്തിരയില്‍ അഭിനയവിസ്മയമൊരുക്കുന്ന കലാകാരനാണ് സുരേഷ് ഗോപി. നിരവധിയാണ് താരം അനശ്വരമാക്കിയ കഥാപാത്രങ്ങളും. ആക്ഷനും പ്രണയവും വീരവും രൗദ്രവുമെല്ലാം നന്നായി ഇണങ്ങും താരത്തിന്. താരം പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രത്തിലെ കാരക്ടര്‍ പോസ്റ്ററും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. വാച്ച് റിപ്പയര്‍ ചെയ്യുന്ന സുരേഷ്‌ഗോപിയാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററിന്റെ മേക്കിങ് വിഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം.

ഫോട്ടോഷൂട്ട് ചെയ്തിട്ടില്ലാത്ത കഥാപാത്രത്തെ മനസ്സിലെ ആശയം വെച്ച് സേതു ശിവാനന്ദന്‍ വരച്ചെടുക്കുകയായിരുന്നു. എസ്‌കെഡി കണ്ണന്‍ ആണ് ആ ചിത്രംവെച്ച് പോസ്റ്റര്‍ രൂപകല്‍പന ചെയ്തത്. സുരേഷ് ഗോപിയുടെ കരിയറിലെ 251-ാമത്തെ ചിത്രം കൂടിയാണ് ഇത്.

രാഹുല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയുടെ പേരോ മറ്റ് കൂടുതല്‍ വിവരങ്ങളോ പുറത്തെത്തിയിട്ടില്ല. സമീന്‍ സലീം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എന്തായാലും നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം സിനിമയിലേക്ക് തിരികെയെത്തിയ സുരേഷ് ഗോപിയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നതും.

2015-ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ന് ശേഷം സിനിമയില്‍ നിന്നും സുരേഷ് ഗോപി നീണ്ട ഇടവേളയെടുത്തിരുന്നു. അതേവര്‍ഷം തന്നെയാണ് തമിഴില്‍ ‘ഐ’ എന്ന ചിത്രവും തിയേറ്ററുകളില്‍ പ്രദര്‍നത്തിനെത്തിയത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനൂപ് സത്യന്‍ സംവിധാനം നിര്‍വഹിച്ച ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേയ്ക്ക് മടങ്ങി എത്തിയ സുരേഷ് ഗോപിയ്ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചതും.

Story highlights: SG 251 poster making video