മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറർ ചിത്രം ‘ചതുർമുഖം’ കൊറിയൻ മേളയിലേക്ക്…
മഞ്ജു വാര്യരും സണ്ണി വെയ്‌നും മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രമാണ് ചതുർമുഖം. ഇന്ത്യൻ സിനിമയിൽ അധികം പരീക്ഷിക്കാത്ത, മലയാള സിനിമയിലെ ആദ്യത്തെ ടെക്‌നോ ഹൊറർ സിനിമ കൂടിയാണ്ചതുർമുഖം. പേര് സൂചിപ്പിക്കുന്ന പോലെ നാല് മുഖങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. രഞ്ജിത് കമല ശങ്കറും സലീൽ വിയും ചേർന്ന് സംവിധാനം ചെയ്ത ചിത്രം ഇതിനോടകം മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു. ഇപ്പോഴിതാ കൊറിയൻ ചലച്ചിത്രമേളയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ചിത്രം.
ഇരുപത്തിയഞ്ചാമത് ബുച്ചണ്‍ ഇന്‍റര്‍നാഷനല്‍ ഫന്‍റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. വിവിധ രാജ്യങ്ങളില്‍ നിന്നും മികച്ച ഹൊറര്‍, മിസ്റ്ററി, ഫാന്‍റസി വിഭാഗങ്ങളിലുള്ള സിനിമകൾക്കായി നടത്തുന്ന മേളയിലേക്ക് 47 രാജ്യങ്ങളില്‍ നിന്നായി 258 സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്നും പ്രഭു സോളമൻ ഒരുക്കുന്ന ‘ഹാത്തി മേരാ സാത്തി’, മിഹിര്‍ ഫഡ്‍നാവിസിന്‍റെ ച്യൂയിങ് ഗം എന്നി ചിത്രങ്ങളുമടക്കം മൂന്ന് സിനിമകളാണ് മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മേളയിൽ വേള്‍ഡ് ഫന്‍റാസ്റ്റിക്ക് റെഡ് കാറ്റഗറിയിലാണ് ചതുര്‍മുഖം പ്രദര്‍ശിപ്പിക്കുന്നത്.
അതേസമയം ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചതുർമുഖം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം.
Story highlights- techno horror thriller movie chathurmukham selected to bifan korean film festival