ഇനി ആഴങ്ങളിലേക്ക് നീന്താം; സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തൽക്കുളം

July 28, 2021

മനുഷ്യന്റെ പലനിർമിതികളും കാഴ്ചക്കാരെ അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ ഏറെ ശ്രദ്ധനേടുകയാണ് ലോകത്തിലെ ഏറ്റവും ആഴമേറിയതും വലുതുമായ നീന്തൽക്കുളം. ദുബാദ് നാദ് അൽ ഷെബയിൽ സ്ഥിതിചെയ്യുന്ന ഈ നീന്തൽക്കുളത്തിന് 60.02 മീറ്റർ ആഴമാണ് ഉള്ളത്. പതിനാല് ദശലക്ഷം ലിറ്റർ വെള്ളമാണ് ഇതിൽ ഉൾക്കൊള്ളുക. 1500 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ കുളത്തിന് ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള നീന്തൽക്കുളമെന്ന ഗിന്നസ് റെക്കോർഡും സ്വന്തമായുണ്ട്.

പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ ആരംഭിച്ചിരിക്കുന്ന ഈ നീന്തൽക്കുളത്തിൽ സ്കൂബ ഡൈവിങ്, സ്‌നേർക്കലിംഗ് തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾക്ക് പുറമെ മികച്ച പരിശീലനങ്ങൾക്കുള്ള സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Read also; യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടി ഇന്ത്യയിലെ ധോലവീര; അറിയാം ഈ നഗരത്തെ

അതേസമയം ലോകത്തിലെ ഏറ്റവും ആഴമേറിയ സ്വിമ്മിങ് പൂളുകളിൽ ഒന്നാണ് ഡീപ്‌സ്‌പോട്ട്. പോളണ്ടിലേ വാർസോയ്ക്ക് സമീപമായാണ് ഈ പൂൾ സ്ഥിതിചെയ്യുന്നത്. 150 അടി താഴ്ചയുള്ള ഈ പൂളിൽ 8000 ക്യൂബിക് മീറ്ററോളം വെള്ളം ഉണ്ട്. അതേസമയം പൂളിനോട് ചേർന്ന് താമസ മുറികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുറികളിൽ നിന്നും പൂളിനകത്തെ കാഴ്ചകൾ കാണാനും സാധിക്കും. 5 മീറ്റർ താഴ്ചയിൽ വരെ ഡൈവർമാർ നീന്തുന്നത് മുറിക്കുള്ളിൽ ഇരുന്ന് ആസ്വദിക്കാനാകും. ഡൈവിങ് കോഴ്‌സുകൾക്കും പരിശീലനങ്ങൾക്കുമുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. രണ്ടു വർഷത്തോളം എടുത്താണ് ഈ പൂൾ നിർമിച്ചത്. 5000 ക്യൂബിക് മീറ്റർ കോൺക്രീറ്റ് ഈ പൂൾ പണികഴിപ്പിക്കുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്.

Story highlights; The World’s Deepest Diving Pool Opened in Dubai