ഓണ്‍ലൈനില്‍ സുരക്ഷിതരായിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

July 11, 2021
Things to look out for when staying safe online

ഓണ്‍ലൈന്‍ എന്ന വാക്ക് നമുക്കിന്ന് അപരിചിതമല്ല. കുട്ടികളും മുതിര്‍ന്നവരുമെല്ലാം സോഷ്യല്‍മീഡിയ അടക്കമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പരിചയം നേടിക്കഴിഞ്ഞു. എന്നാല്‍ അതീവ ശ്രദ്ധ ചെലുത്തേണ്ട ഒരു ഇടം കൂടിയാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍. ഓണ്‍ലൈനില്‍ സുരക്ഷിതരായിരിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പങ്കുവെച്ചിരിക്കുകയാണ് കേരളാ പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍.

കേരളാ പൊലീസ് പങ്കുവെച്ച നിര്‍ദ്ദേശങ്ങള്‍

1) നിങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക. നിങ്ങളുടെ ഭാവി പദ്ധതികള്‍, നിങ്ങളുടെ സ്ഥാനം വെളിപ്പെടുത്തുന്ന വിവരങ്ങള്‍, ഫോണ്‍, വിലാസം, എന്നിവ ഒഴിവാക്കുക.
2) നിങ്ങള്‍ ഓണ്‍ലൈനില്‍ പങ്കിടുന്ന ഫോട്ടോകളില്‍, ജി.പി.എസ് ലൊക്കേഷനുകള്‍, ലാന്‍ഡ്മാര്‍ക്ക്, വീട്, വാഹനങ്ങളുടെ നമ്പര്‍ തുടങ്ങിയവ ഒഴിവാക്കുക.
3) ശക്തമായ പാസ്വേഡ് ഉപയോഗിക്കുക. ഉദാഹരണമായി (TOYOTA, MONKEY, JUPITER) എന്നീ വാക്കുകള്‍ ഉപയോഗിച്ച് (tOyOt4mOnk3yyjupi73r ) ഈ രൂപത്തിലാക്കുക.
4) കൂടുതല്‍ സുരക്ഷിതമായ ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുക. ഫയര്‍ഫോക്‌സ്, ഓപ്പണ്‍ ഓഫീസ്, വി.എല്‍.സി മീഡിയാ പ്ലേയര്‍, ലിനക്‌സ് തുടങ്ങിയവ ഉപയോഗിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കായി Prism-break.org
പരിശോധിക്കുക.
5) നിങ്ങള്‍ ശരിയായ വെബ്‌സൈറ്റിലേക്ക് ആണ് കണക്ട് ചെയ്യുന്നതെന്ന് ഉറപ്പുവരുത്തുക. വിലാസ ബാറില്‍ https:// ഉറപ്പാക്കുക.
6) ഒരു ഫയര്‍വാള്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുക. നിങ്ങളുടെ ഫോണില്‍ ഒരു ഫയര്‍വാള്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആവശ്യമുള്ള ആപ്പുകള്‍ക്ക് മാത്രം ഇന്റര്‍നെറ്റ് നല്‍കുക.
7) പൈറേറ്റഡ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കരുത്. ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ്വെയര്‍ നിങ്ങള്‍ക്ക് തിരയാന്‍ ‘Opensource media player’, Opensource camera app’ എന്ന കീ വേര്‍ഡ്കള്‍ ഉപയോഗിക്കുക.
8) ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ ശ്രദ്ധിക്കുക. ആപ്ലിക്കേഷനുകളുടെ വ്യവസ്ഥകള്‍, അനുമതികള്‍, നിബന്ധനകള്‍ എന്നിവ നിര്‍ബന്ധമായും വായിക്കുക.
9) ഗെയിമുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഇതില്‍ ആവശ്യപ്പെട്ടാലും നല്‍കാതിരിക്കുക. അല്ലെങ്കില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുക.
10) വീഡിയോകോള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. കാരണം ചാറ്റുകളും, വീഡിയോ കോളുകളും റെക്കോര്‍ഡ് ചെയ്യാനാകും.
11) സ്വിച്ച് ഓഫ് ചെയ്യാന്‍ പഠിക്കുക. വിഷാദവും, സോഷ്യല്‍ മീഡിയയും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സങ്കടപ്പെട്ട് ഇരിക്കുമ്പോള്‍ മറ്റുള്ളവരുടെ സന്തോഷകരമായ നിമിഷങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ കൂടുതല്‍ പ്രശ്‌നത്തിലേക്ക് പോകുന്നു. അതുകൊണ്ടുതന്നെ മനസിന്റെ സന്തോഷത്തിനായി ഓണ്‍ലൈന്‍ ഓഫ് ചെയ്തു, കലകള്‍, പുസ്തകങ്ങള്‍ വായിക്കുക, സംഗീതം കേള്‍ക്കുക, പ്രകൃതി മുതലായവയെ ആശ്രയിക്കുക. അങ്ങനെ സ്വയം മനസ്സിനെ ശാന്തമാക്കുക.
12) തെളിവുകള്‍ സംരക്ഷിക്കുക. അനാവശ്യമായ ആളുകളില്‍ നിന്ന് ലൈംഗികച്ചുവയുള്ള നിര്‍ദ്ദേശങ്ങളോ, സന്ദേശങ്ങളോ കിട്ടിയാല്‍ ഉടന്‍തന്നെ മായ്ക്കാതെ തെളിവിനായി സൂക്ഷിക്കുക.
13) സഹായം ആവശ്യമായി വന്നാല്‍ എത്രയും പെട്ടെന്ന് തന്നെ സുഹൃത്തുക്കളുടെയോ, വീട്ടുകാരുടെയോ, പോലീസുകാരുടെയോ, അടുത്ത് സഹായം അഭ്യര്‍ത്ഥിക്കുക.
14) ഉപയോഗത്തിലില്ലാത്തപ്പോള്‍ ഫോണിലെ ബ്ലൂടൂത്തും, വൈ-ഫൈയും ഓഫാക്കുക.
15) ഓണ്‍ലൈന്‍ അക്കൗണ്ട്കളില്‍ ടു-ഫാക്ടര്‍ ഓതന്റിക്കേഷന് ഉപയോഗിക്കുക.
16) അധിക പരിരക്ഷയ്ക്കായി, ഫോണിലെ സ്‌ക്രീന്‍ ലോക്കുചെയ്യുക.

Story highlights: Things to look out for when staying safe online