ഫീസായി വാങ്ങുന്നത് 18 മരത്തൈകൾ; പിന്നിൽ ചെറുതല്ലാത്തൊരു കാരണവും
മുപ്പത്തിമൂന്ന് കാരനായ രാജേഷ് കുമാർ സുമൻ ദിവസേന നൂറുകണക്കിന് ആളുകൾക്കാണ് ക്ലാസുകൾ എടുക്കുന്നത്. വിവിധ സർക്കാർ തസ്തികകളിലേക്ക് ജോലിനോക്കുന്നവർക്ക് ആവശ്യമായ പരിശീലന ക്ലാസുകളാണ് രാജേഷ് എടുക്കുന്നത്. എന്നാൽ വിദ്യ പകർന്ന് നൽകുന്നതിന് രാജേഷ് വാങ്ങുന്ന പ്രതിഫലമാണ് ഏറെ ശ്രദ്ധേയം. കോച്ചിങ് ഫീസായി ഓരോ വിദ്യാർത്ഥികളിൽ നിന്നും പതിനെട്ട് മരത്തൈകളാണ് രാജേഷ് വാങ്ങിക്കുന്നത്. ഈ പതിനെട്ട് മരത്തൈകൾക്ക് പിന്നിലെ കാരണവും കൈയടി അർഹിക്കുന്നതാണ്.
ഓരോ മനുഷ്യനും അവരുടെ ജീവിതകാലത്ത് ശുദ്ധവായു ശ്വസിക്കുന്നതിന് പതിനെട്ട് മരങ്ങളിൽ നിന്നുള്ള ഓക്സിജനെങ്കിലും ആവശ്യമാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. അതിനാലാണ് ഇവിടെ പഠിക്കാൻ എത്തുന്ന ആളുകളിൽ നിന്നും പതിനെട്ട് മരത്തൈകൾ രാജേഷ് ശേഖരിക്കുന്നത്. അതിന് പുറമെ കോച്ചിങ്ങിന് എത്തുന്നവരിൽ നിന്നും ശേഖരിക്കുന്ന മരത്തൈകൾ നട്ട് പരിപാലിക്കുന്നതും രാജേഷ് കുമാർ സുമനാണ്. ദരിദ്രരായ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യസം പകർന്ന് നൽകുക എന്ന ഉദ്ദേശത്തോടെയാണ് ഹരിത പാഠശാല എന്ന കോച്ചിങ് സെന്റർ ബീഹാറിലെ സമസ്തിപൂരിൽ രാജേഷ് കുമാർ ആരംഭിച്ചത്. സ്ത്രീകൾക്ക് വിദ്യാഭ്യസം, സർക്കാർ തസ്തികകളിലേക്കുള്ള കോച്ചിങ്ങുകൾ എന്നിവയും ഈ സ്ഥാപനത്തിൽ നൽകുന്നുണ്ട്.
Read also:ഇനി ആഴങ്ങളിലേക്ക് നീന്താം; സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തൽക്കുളം
ഈ സ്ഥാപനത്തിൽ എത്തിയ വിദ്യർത്ഥികളിൽ നിന്നും ഫീസായി ഈടാക്കിയ ഏകദേശം 90,000 മരത്തൈകൾ ഇതിനോടകം വിവിധ ഇടങ്ങളിലായി രാജേഷ് നട്ടുപിടിപ്പിച്ചുകഴിഞ്ഞു. മരങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നിരവധി ഇടങ്ങളിൽ ബോധവത്കരണ ക്ലാസുകളും അദ്ദേഹം എടുക്കുന്നുണ്ട്.
Story highlights: This coaching centre charges 18 saplings as fee from students