ഏത് പ്രതികൂല സാഹചര്യങ്ങളെയും ചെറുത്ത് തോൽപ്പിക്കാൻ ഒരുങ്ങിയ മൺവീടുകൾ; നിർമിതിയ്ക്ക് പിന്നിൽ…
സമൂഹമാധ്യമങ്ങളിൽ അടക്കം ഏറെ ശ്രദ്ധ നേടുകയാണ് കനത്ത കാറ്റും മഴയും വന്നാൽ പോലും നശിക്കാത്ത മൺവീടുകൾ. കാഴ്ചയിൽ വളരെ സാധാരണമായ ഒരു കുടിൽ വീട് പോലെ തോന്നുമെങ്കിലും പ്രകൃതിയോട് ഏറ്റവുമധികം ഇണങ്ങിനിൽക്കുന്ന ഈ വീടിന്റെ നിർമിതിയിലുമുണ്ട് ധാരാളം പ്രത്യേകതകൾ.. ആന്ധ്രാപ്രദേശിലെ തീരദേശത്താണ് പ്രകൃതിയോട് ഏറ്റവുമധികം ഇണങ്ങിനിൽക്കുന്ന ഇത്തരത്തിലുള്ള നിരവധി വീടുകൾ സ്ഥിതിചെയ്യുന്നത്.
വളരെ പരിമിതമായ സാഹചര്യത്തിലാണ് ഈ പ്രദേശത്തുള്ളവർ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ കൊട്ടാരങ്ങളോ അത്യാധുനിക സജ്ജീകരണങ്ങൾ നിറഞ്ഞ മാളിക വീടുകളോ അവിടുള്ളവരെ ആകർഷിക്കാറില്ല. അടച്ചുറപ്പുള്ള, കാറ്റിലും മഴയിലും നശിക്കാത്ത വീടുകൾ ആണ് അവർക്ക് ആവശ്യം. അതിനാൽ പ്രകൃതിയെ നോവിക്കാതെ ഏത് പ്രതികൂല സാഹചര്യങ്ങളെയും ചെറുത്ത് നിൽക്കാൻ കഴിയുന്ന വീടുകൾ ആണ് ഇവിടുള്ളവർ നിർമിക്കുക.
സാധാരണ വീടുകളിൽ നിന്നും വ്യത്യസ്തമായി വൃത്താകൃതിയിൽ ഉള്ള മൺവീടുകളാണ് ഇവിടുള്ളത്. ‘ചുറ്റില്ലു’ എന്നാണ് ഇവിടുത്തുകാർ ഈ വീടുകളെ പൊതുവെ വിളിക്കാറ്. ഈ പ്രദേശത്ത് ചുഴലിക്കാറ്റ് വീശാൻ സാധ്യത കൂടുതലായതിനാൽ അതിൽ നശിക്കാത്ത രീതിയിലുള്ള വീടുകളാണ് ചുറ്റില്ലു. മണ്ണ്, കച്ചി, വെള്ളം എന്നിവയാണ് ഈ വീടുകൾ നിർമിക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന വസ്തുക്കൾ. പനയോലയും പനമരത്തിന്റെ തടിയും ഇവർ വീടുകളുടെ മേൽക്കൂരയ്ക്കും കഴുക്കോലിനും ഉപയോഗിക്കാറുണ്ട്. ചുഴലിക്കാറ്റ് സ്ഥിരമായി ഉണ്ടാകാറുള്ള പ്രദേശങ്ങളിൽ ഒന്ന് കൂടിയാണ് ഈ പ്രദേശം. എന്നാൽ ഈ കനത്ത കാറ്റിലും മഴയിലും ഈ പ്രദേശത്തെ വീടുകൾ നശിക്കാറില്ല.
Story Highlights:This Mud house can withsthand cyclones