അമ്മയെ രക്ഷിക്കാൻ ആർപിഎഫ് ജവാന്മാരുടെ സഹായംതേടി രണ്ടു വയസുകാരൻ; ഹൃദയംതൊട്ട കാഴ്ച
സമയോചിതമായ ഇടപെടലുകൾ പലരുടെയും ജീവൻ രക്ഷിക്കുന്ന വാർത്തകൾ നാം കാണാറുണ്ട്. എന്നാൽ പിച്ചവെച്ച് തുടങ്ങുന്നതിന് മുൻപായി അമ്മയുടെ ജീവൻ രക്ഷിക്കാൻ സമയോചിതമായ ഇടപെടൽ നടത്തിയ ഒരു കുഞ്ഞുമോനാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ കൈയടിനേടുന്നത്. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലാണ് രണ്ട് വയസുള്ള ഒരു പിഞ്ചുകുഞ്ഞ് അമ്മ ബോധംകെട്ട് വീണപ്പോൾ തനിയെ നടന്ന് ആർപിഎഫ് ജവാന്മാരുടെ അടുക്കൽ പോയി സഹായം തേടിയത്.
കഴിഞ്ഞ ശനിയാഴ്‌ചയാണ് സംഭവം. റെയിൽവേ സ്റ്റേഷനിൽ ബോധരഹിതയായി വീണ അമ്മയെ കണ്ട് എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്ന കുരുന്ന്, പെട്ടന്ന് തന്നെ മറ്റൊരു റെയിൽവേ പ്ലാറ്റ്‌ഫോമിലേക്ക് നടന്ന് ആർപിഎഫ് ജവാന്മാരെ കണ്ട് അവരോട് സഹായം അഭ്യർത്ഥിച്ചു. എന്നാൽ കുരുന്ന് പറയുന്നത് എന്താണെന്ന് മനസിലാക്കാൻ കഴിയാതിരുന്നതോടെ അവർ എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കി കുരുന്നിനൊപ്പം ‘അമ്മ കിടക്കുന്ന സ്ഥലത്തേക്ക് നടക്കുകയായിരുന്നു. അവിടെ ചെന്നപ്പോഴാണ് ഒരു സ്ത്രീയും അവർക്കൊപ്പം ആറുമാസം പ്രായമുള്ള കുഞ്ഞും അബോധാവസ്ഥയിൽ കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്.
തുടർന്ന് ആർപിഎഫ് ജവാന്മാർ ആംബുലൻസ് സംഘടിപ്പിക്കുകയും യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീയ്ക്ക് ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല.
Story highlights;two year old seeking help from rpf