‘എന്റെ ടീച്ചർമാരേ ഇത്രയധികം അസൈൻമെന്റൊന്നും തരല്ലേ..’ വൈറലായി ഒരു കുട്ടിപ്പരാതി, പങ്കുവെച്ച് വിഡി സതീശൻ
കൊവിഡ് മഹാമാരി ഏറ്റവും പ്രതികൂലമായി ബാധിച്ച ഒരു വിഭാഗമാണ് കുട്ടികൾ. സ്കൂളിലെ കളികളും തമാശകളും പഠനവും എല്ലാം ഡിജിറ്റൽ ലോകത്തേക്ക് ഒതുങ്ങിയപ്പോൾ കുട്ടികൾക്ക് നഷ്ടമായത് അവരുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കുറെ നിമിഷങ്ങളാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ ഇടങ്ങളുടെ മുഴുവൻ ശ്രദ്ധ ആകർഷിക്കുകയാണ് അഭയ് കൃഷ്ണ എന്ന കുഞ്ഞുമോന്റെ ഒരു കുട്ടിപ്പരാതി.
പഠനഭാരം കുറയ്ക്കാൻ അധ്യാപകരോട് ആവശ്യപ്പെട്ടുകൊണ്ടുളളതാണ് ഈ കുഞ്ഞുമോന്റെ പരാതി. നിരവധിപ്പേർ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ച ഈ വിഡിയോ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവർ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. ‘എന്നാലും എന്റെ ടീച്ചർമാരേ ഇത്രയധികം അസൈൻമെന്റൊന്നും കൊടുക്കല്ലേ, ഒരു പാട് പഠിച്ചും എഴുതിയും മടുത്തുന്ന് കുഞ്ഞുങ്ങൾ പറയുന്നത് കേൾക്കണേ..’ എന്നാണ് വി ഡി സതീശനും പറയുന്നത്.
കുറിപ്പ് വായിക്കാം;
‘അതേയ് കേരളത്തിലെ ടീച്ചർമാരേ, ഈ കൊച്ചു മിടുക്കൻ പറയുന്നതൊന്നു കേട്ടോളൂ. ഇന്നലെ ഈ മിടുമിടുക്കനോട് ഞാൻ സംസാരിച്ചു. അഭയ് കൃഷ്ണയെന്നാണ് പേര്. ആറാം ക്ലാസിലാണ് പഠിക്കുന്നത്. വയനാട് ചേലോട് HIM യു.പി.സ്കൂളിൽ. ചോദ്യം കേട്ടല്ലോ…! എന്താ ടീച്ചർമാരേ, ഈ പഠിത്തം, പഠിത്തം എന്നു വെച്ചാൽ..? ഇങ്ങനെ എഴുതാൻ അസൈൻമെന്റ് തരരുതേ… ഇതാണ് അഭയ് പറയുന്നത്.
പഠിക്കാൻ ഇഷ്ടമാണെന്നു പറയുന്ന അഭയ് കൃഷ്ണയുടെ വാക്കുകളിലുണ്ട് ലോക്ക്ഡൗൺ കാലത്ത് വീടിനുള്ളിൽ തന്നെയായി, സ്കൂളിലും പോകാനാകാതെ, കളിക്കാൻ പോകാനുമാകാതെ, കൂട്ടുകാർക്കൊപ്പം കുറുമ്പുകാട്ടാനാകാതെ കുടുങ്ങിയ നമ്മുടെ കുഞ്ഞുങ്ങളുടെ മുഴുവൻ വേവലാതി.
ടീച്ചറും സ്കൂളും പരീക്ഷയും അസൈൻമെന്റും എല്ലാം ഒരു മൊബൈൽ ഫോണിലേക്ക് ഒതുങ്ങി. എന്താ പാവം കുഞ്ഞുങ്ങൾ ചെയ്യുക..? എന്നിട്ടും അഭയ് കൃഷ്ണയെ പോലുള്ള കുഞ്ഞോമനകൾ പുതിയ സാഹചര്യവുമായിട്ട് ഇണങ്ങി. എത്ര നല്ല കുഞ്ഞുങ്ങളായാണ് അവർ നാടിന്റെ സ്ഥിതിക്കൊപ്പം പെട്ടെന്ന് അഡ്ജസ്റ്റ് ചെയ്തത്. നമുക്ക് ഈ കഠിനകാലത്ത് അവർക്കൊപ്പം നിൽക്കാം- കൂട്ടായും കരുതലായും.
Read also; കണ്ണനും രാധയുമായി മിയക്കുട്ടിയും മേഘ്‌നക്കുട്ടിയും; ചിരിയും കുസൃതിയും നിറച്ചൊരു പെർഫോമൻസ്
എന്നാലും എന്റെ ടീച്ചർമാരേ ഇത്രയധികം അസൈൻമെന്റൊന്നും കൊടുക്കല്ലേ, ഒരു പാട് പഠിച്ചും എഴുതിയും മടുത്തുന്ന് കുഞ്ഞുങ്ങൾ പറയുന്നത് കേൾക്കണേ..! കുവൈറ്റിൽ ജോലി ചെയ്യുന്ന ഗിരീഷിന്റേയും ഹനുഷയുടെയും മകനാണ് അഭയ് കൃഷ്ണ. സ്നേഹം, ആശംസകൾ പ്രിയപ്പെട്ട അഭയ്. ഇനി വയനാട്ടിൽ വരുമ്പോൾ നേരിട്ടു കാണാം.
Story highlights: VD Satheeshan shares a Viral video