കറങ്ങുന്ന കസേരയും വലിയ ജാലകങ്ങളും പിന്നെ ചില്ലിട്ട മേല്‍ക്കൂരയും; ഇന്ത്യന്‍ റെയില്‍വേയുടെ വിസ്താഡോം കോച്ച്
ഇന്ത്യന്‍ റെയില്‍വേ എന്ന് കേള്‍ക്കുമ്പോള്‍ ഇനി സുന്ദരമായ ഒരു ചിത്രംകൂടി ഇനി മുതല്‍ മനസ്സിലോര്‍ക്കാം. ഗ്ലാസ് മേല്‍ക്കൂരയും കറങ്ങുന്ന കസേരയുമൊക്കെയുള്ള മനോഹരമായ ഒരു കോച്ച്. ഇന്ത്യന്‍ റെയില്‍വേയുടെ ഡക്കാന്‍ എക്സ്പ്രസ്സിലാണ് ഇങ്ങനെയൊരു കോച്ച് സജ്ജമാക്കിയിരിക്കുന്നത്. സവിശേഷതകള്‍ ഏറെയാണ് ഈ വിസ്താഡോം കോച്ചിന്.
മുംബൈ- പൂനെ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഡക്കാന്‍ എക്സ്പ്രസ്സിലാണ് യാത്രക്കാര്‍ക്കായി ഈ സ്പെഷ്യല്‍ കോച്ചുള്ളത്. ഒരേ സമയം 44 പേര്‍ക്ക് വരെ ഈ കോച്ചില്‍ യാത്ര ചെയ്യാം. യൂറോപ്യന്‍ രീതിയിലുള്ളതാണ് ഈ കോച്ച്. 180 ഡിഗ്രിയില്‍ കറങ്ങാന്‍ സൗകര്യമുള്ള ഇരിപ്പിടമാണ് കോച്ചലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്.
മാത്രമല്ല മറ്റ് കോച്ചുകളെ അപേക്ഷിച്ച് കൂടുതല്‍ വലുപ്പത്തിലുള്ളതാണ് ജാലകങ്ങള്‍. മേല്‍ക്കൂരയുടെ കൂടുതല്‍ ഭാഗങ്ങളും ഗ്ലാസ് പാനല്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്തിട്ടുള്ളതാണ് കോച്ച്. യാത്രക്കാര്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ പ്രത്യേകമായ ലോഞ്ചുമുണ്ട്.
വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായാണ് വിസ്താഡോം കോച്ച് ഡെക്കാന്‍ എക്സ്പ്രസിന്റെ ഭാഗമാക്കിയിരിക്കുന്നത്. തികച്ചും വ്യത്യസ്തവും വേറിട്ടതുമായ ഒരു യാത്ര അനുഭവമാണ് ഈ കോച്ചില്‍ സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നത്. പശ്ചിമഘട്ടത്തിന്റെ വിശാലമായ കാഴ്ചകള്‍ ആസ്വദിക്കാന്‍ സാധിക്കുന്നു എന്നതാണ് വിസ്താഡോം കോച്ചിന്റെ പ്രധാന ആകര്‍ഷണം.
Story highlights: Wide window panes & glass rooftops in Vistadome Coach