വർഷങ്ങൾക്ക് മുൻപ് മരണമടഞ്ഞ താരങ്ങളുടെ പട്ടികയിൽ സിദ്ധാർഥും; വ്യാജവാർത്തക്കെതിരെ പ്രതികരിച്ച് താരം

July 19, 2021

വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചിട്ട് കാലം കുറച്ചേറെയായി. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്ന വ്യാജ വാർത്തകൾ ഏറ്റവും കൂടുതലായി ബാധിക്കുന്നത് സിനിമ താരങ്ങളെയും കായിക താരങ്ങളെയുമാണ്. സമൂഹമാധ്യമങ്ങൾ കൊന്ന് ഉയർത്തെഴുന്നേല്പിച്ച നിരവധി താരങ്ങളുണ്ട് നമുക്ക് ചുറ്റും. ചിലപ്പോൾ മരിച്ചവർ തന്നെ തിരിച്ചു വരേണ്ടിവരും തങ്ങളുടെ ഉയിർത്തെഴുന്നേൽപ്പ് അറിയിക്കാൻ. അത്തരത്തിൽ സമൂഹമാധ്യമങ്ങൾ കൊന്ന താരങ്ങളിൽ ഒരാളാണ് ചലച്ചിത്രതാരം സിദ്ധാർഥ്. ചെറുപ്രായത്തിൽ മരിച്ച സിനിമാതാരങ്ങളുടെ പട്ടികയിലാണ് സിദ്ധാർഥിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

സിദ്ധാർഥ് തന്നെയാണ് തന്റെ വ്യാജ മരണവർത്തക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയതും. ‘ചെറുപ്രായത്തിൽ മരണപ്പെട്ട പത്ത് തെന്നിന്ത്യൻ താരങ്ങൾ’ എന്ന തലക്കെട്ടോടെ എത്തിയ വിഡിയോയിലാണ് ചലച്ചിത്രതാരം സിദ്ധാർത്ഥിന്റെ ചിത്രങ്ങളും ഉൾപ്പെടുത്തിയത്. ഈ വിഡിയോയ്‌ക്കെതിരെ താരം യൂട്യൂബിന് റിപ്പോർട്ടും നൽകി. പക്ഷെ യുട്യൂബിൽ നിന്നും ലഭിച്ച മറുപടി ‘ക്ഷമിക്കണം ഈ വിഡിയോയിൽ ഒരു പ്രശ്നവും ഇല്ലെന്ന് തോന്നുന്നു’ എന്നായിരുന്നു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നതും.

മരിച്ച യുവതാരങ്ങളുടെ പട്ടികയിൽ നടി സൗന്ദര്യ, ആർത്തി അഗർവാൾ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പമാണ് സിദ്ധാർത്ഥിന്റെ ചിത്രവും ഉൾപ്പെടുത്തിയിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് മരിച്ചവരാണ് സൗന്ദര്യയും ആർത്തി അഗർവാളും.

Read also:കാലുകൾകൊണ്ട് വരച്ച് കയറിയത് ലോക റെക്കോർഡിലേക്ക്; ആത്മവിശ്വാസത്തിന്റെ പ്രതീകമായി ദാമിനി

അതേസമയം സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിൽ പ്രചരിപ്പിക്കപ്പെടുന്ന വ്യാജ വാർത്തകൾക്കെതിരെ വലിയ രീതിയിലുള്ള എതിർപ്പുകളും ഉയരുന്നുണ്ട്. വാര്‍ത്തയുടെ സത്യാവസ്ഥ മനസിലാക്കാതെയാണ് പലരും ഇത്തരം ന്യൂസുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്ന വ്യാജ വെബ്സൈറ്റുകളും ഇക്കാലത്ത് നിരവധിയാണ്. സമൂഹമാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പ്രത്യക്ഷപ്പെടുമ്പോള്‍ വാര്‍ത്തയുടെ സത്യാവസ്ത പൂര്‍ണ്ണമായും ഉറപ്പുവരുത്തേണ്ടതുണ്ട്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്.

Story Highlights; youtube video claims actor siddharth dead