അഭിനയ ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍; മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ആശംസകളോടെ ചലച്ചിത്രലോകം
മമ്മൂട്ടി… ആ പേര് മലയാള ചലച്ചിത്ര ആസ്വാദകര്‍ ഹൃദയത്തിലേറ്റിയിട്ട് അഞ്ച് പതിറ്റാണ്ടുകള്‍ തികയുന്നു. വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രം റിലീസ് ആയിട്ട് അന്‍പത് വര്‍ഷങ്ങളായി. അദ്ദേഹത്തിനുള്ള ആശംസകള്‍ കൊണ്ട് നിറയുകയാണ് സൈബര്‍ ഇടങ്ങള്‍ പോലും.
അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളെയും മമ്മൂട്ടി എന്ന മഹാനടന്‍ പരിപൂര്‍ണതയിലെത്തിക്കുന്നു. വീരവും രൗദ്രവും പ്രണയവും ഹാസ്യവും എന്നുതുടങ്ങുന്ന എല്ലാ ഭാവരസങ്ങളും ആവാഹിച്ചെടുത്ത് കഥപാത്രത്തിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നു മഹാനടന്‍. അതുകൊണ്ടുതന്നെയാണ് ദേശത്തിന്റേയും ഭാഷയുടേയും അതിരുകള്‍ കടന്നും മമ്മൂട്ടി എന്ന നടന്‍ ശ്രദ്ധേയനായത്. സിനിമയ്ക്ക് പുറത്തും മമ്മൂട്ടി എന്ന വ്യക്തിയുടെ പ്രഭാവം ചെറുതല്ല. അദ്ദേഹത്തിന്റെ സാമൂഹികപരമായ ഇടപെടലുകളും ചാരിറ്റി പ്രവര്‍ത്തനങ്ങളുമെല്ലാം നിരവധിപ്പേര്‍ക്കാണ് പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും സമ്മാനിച്ചത്.
1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. അഞ്ച് പതിറ്റാണ്ടുകളായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്. എഴുപതുകളുടെ തുടക്കത്തില്‍ സിനിമയിലേക്ക് എത്തിയ മമ്മൂട്ടി ഓരോ കഥാപാത്രങ്ങളേയും അതിന്റെ പരിപൂര്‍ണ്ണതയില്‍ അവതരിപ്പിക്കുന്നു.
1971-ല്‍ പ്രേക്ഷകരിലേക്കെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടിയുടെ ആദ്യചിത്രം. ഓഗസ്റ്റ് ആറിന് ആയിരുന്നു ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. തോപ്പില്‍ ഭാസി തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് കെ എസ് സേതുമാധവന്‍ ആണ്. സത്യനും പ്രേം നസീറും ഷീലയും പ്രധാന കഥപാത്രങ്ങളായെത്തിയ ചിത്രത്തിലൂടെയായിരുന്നു മെഗാസ്റ്റാറിന്റെ അരങ്ങേറ്റം എന്നതും കൗതുകകരമാണ്. തുടര്‍ന്ന് കെ ജി ജോര്‍ജ് സംവിധാനം നിര്‍വഹിച്ച മേള എന്ന ചിത്രത്തിലൂടെ മമ്മൂട്ടി എന്ന നടന്‍ ചലച്ചിത്രലോകത്ത് ഒരു അടയാളമായി മാറി. പിന്നീട് എത്രയെത്ര സിനിമകള്‍… എത്രയെത്ര കഥാപാത്രങ്ങള്‍…. ഇനിയും കാത്തിരിക്കുകയാണ് ആ മഹാരഥന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കായി ചലച്ചിത്രലോകം.
Story highlights: 50 years Cinema life of Mammootty