‘അമ്മ അംഗനവാടിയില്‍ പോകാനുള്ള ഒരുക്കത്തിലാണ്’; ഉള്ളു തൊടുന്ന കുറിപ്പുമായി നടന്‍ വിജിലേഷ്
ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ക്കൊണ്ട് ചലച്ചിത്രലോകത്ത് ശ്രദ്ധേയനായ നടനാണ് വിജിലേഷ്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ വിജിലേഷ് അവതരിപ്പിച്ച കഥാപാത്രം ഇന്നും മലയാള ചലച്ചത്ര ആസ്വാദകരുടെ മനസ്സുകളില്‍ കുടിയിരിപ്പുണ്ട്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് അമ്മയെക്കുറിച്ച് നടന്‍ വിജിലേഷ് പങ്കുവെച്ച ഒരു കുറിപ്പ്. കഴിഞ്ഞ 37 വര്‍ഷങ്ങളായി അംഗനവാടിയിലെ ജീവനക്കാരിയാണ് വിജിലേഷിന്റെ അമ്മ.
താരത്തിന്റെ വാക്കുകള്‍
അമ്മ ഇന്നും അംഗനവാടിയില്‍ പോകാനുള്ള ഒരുക്കത്തിലാണ്, മുപ്പത്തിഏഴ് വര്‍ഷമായി തുടരുന്ന അമ്മയുടെ ദിനചര്യ. അന്‍പത് രൂപ ശമ്പളത്തില്‍ തുടങ്ങിയ ജോലിയാണ്, അതിന്നും മുടക്കമില്ലാതെ തുടരുന്നു. എത്രയോ തലമുറയ്ക്ക് ഭക്ഷണം വെച്ചുവിളമ്പി ഊട്ടിയ ശീലത്തിന്റെ ചാരിതാര്‍ഥ്യം ഉണ്ട് ആ മുഖത്ത്.
അന്നാരും അന്‍പത് രൂപ ശമ്പളത്തിന് ഏറ്റെടുക്കാന്‍ മടിച്ച, കുഞ്ഞുങ്ങളെ നോക്കാന്‍ മടിച്ച ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചത്, അതുതന്നെയാണ് അമ്മയുടെ സന്തോഷവും, ഊര്‍ജ്ജവും. പുലര്‍ച്ചെ നാലെ മുപ്പതിനെഴുന്നേറ്റ് വീട്ടുജോലികളൊക്കെ തീര്‍ത്ത് തിരക്ക് പിടിച്ച് അംഗനവാടിയിലേക്കോടുന്ന അമ്മയെയാണ് ഞാന്‍ കണ്ടു വളര്‍ന്നത്.
Read more: ആര്‍ദ്രമായി പാടി ശ്രീഹരി; വിധികര്‍ത്താക്കളെ പോലും അതിശയിപ്പിച്ച ഗംഭീര പ്രകടനം
എന്റെ ഡിഗ്രികാലഘട്ടത്തില്‍ ഞാന്‍ തെരഞ്ഞെടുത്തത് സംസ്‌കൃതമായിരുന്നു. തുടര്‍ന്ന് പി.ജിയ്ക്ക് തിയറ്റര്‍ പഠനമായിരുന്നു. തിയറ്റര്‍ പഠിച്ചിട്ട് എന്തുചെയ്യാനാണെന്ന് എല്ലാവരും ചോദിച്ചപ്പോഴും എന്റെ ഇഷ്ടം അതാണെന്ന് മനസ്സിലാക്കി എല്ലാ പിന്തുണയും നല്‍കി അമ്മ ഇന്നും കൂടെയുണ്ട്.
വളരെ തുച്ഛമായ വരുമാനത്തിനാണിന്നും അംഗനവാടി ജീവനക്കാര്‍ ജോലി ചെയ്യുന്നത്. സര്‍ക്കാറിന്റെ ഭാഗത്തുനിന്നും വേണ്ടത്ര പരിഗണനയോ, ആനുകൂല്യങ്ങളോ ലഭിക്കാത്ത മേഖലയാണിത്, എന്നാല്‍ അവരുടെ ജോലി ഉത്തരവാദിത്വം നിറഞ്ഞതും, ഭാരിച്ചതുമാണ്. എന്നിരുന്നാലും ഇന്നും ഒരു മടുപ്പും കൂടാതെ അംഗനവാടിയിലേക്കു പോകുന്ന അമ്മ എനിക്കെന്നും പ്രചോദനവും, ആശ്ചര്യവുമാണ്…
Story highlights: Actor Vijilesh about his mother