വേദനകളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായി പ്രിയതാരം; ശരണ്യ അന്തരിച്ചു
അര്‍ബുദരോഗത്തോട് പോരാടിയ ചലച്ചിത്ര- സീരിയല്‍ താരം ശരണ്യ അന്തരിച്ചു. 35 വയസ്സായിരുന്നു പ്രായം. വേദനകളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായ പ്രിയതാരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തുന്നവരും നിരവധിയാണ്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ബ്രെയിന്‍ ട്യൂമറിനോട് പടപൊരുതിയ ശരണ്യ 11 തവണ ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടുണ്ട്. ഇതിനിടെ താരത്തിന് കൊവിഡ് രോഗവും പിടിപെട്ടിരുന്നു. ആരോഗ്യ സ്ഥിതി കൂടുതല്‍ മോശമാവുകയും ചെയ്തു.
മെയ് 23 നാണ് താരത്തെ കൊവിഡ് രോഗം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ 10 ന് കൊവിഡ് നെഗറ്റീവ് ആകുകയും ചെയ്തു. എന്നാല്‍ വീണ്ടും പനി വര്‍ധിച്ച് വെന്റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് ആരോഗ്യസ്ഥിതി വഷളായത്.
ചലച്ചിത്ര- സീരിയല്‍ രംഗത്ത് സജീവമായിരുന്ന ശരണ്യയ്ക്ക് മേല്‍ 2012 ലാണ് വിധി കരിനിഴല്‍ വീഴ്ത്തി തുടങ്ങിയത്. കഠിനമായ രോഗാവസ്ഥയിലും വേദനയിലും ചിരിച്ചുകൊണ്ട് പോരാടിയ ശരണ്യയുടെ ജീവിതം പലര്‍ക്കും പ്രചോദനമാണ്.
Story highlights: Actress Saranya Sasi passed away