നട്സുകൾ കുതിർത്ത് കഴിച്ചാൽ..; ആരോഗ്യഗുണങ്ങൾ പങ്കുവെച്ച് പോഷകാഹാര വിദഗ്‌ധർ

August 26, 2021

ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നട്സുകളുടെ സ്ഥാനം. എന്നാൽ ന്ടസുകളും പയർ വർഗ്ഗങ്ങളും കുതിർത്ത് കഴിക്കുന്നത് കൂടുതൽ ആരോഗ്യഗുണങ്ങൾ നൽകുന്നു എന്നാണ് പോഷകാഹാര വിദഗ്ധരുടെ അഭിപ്രായം. കുതിർത്ത് കഴിക്കുന്നത് വഴി ഉണ്ടാകുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് പോഷകാഹാര വിദ​ഗ്ധ നമാമി അഗർവാൾ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നുണ്ട്. കുതിർത്ത് കഴിക്കുന്നത് ഇവ വേഗത്തിൽ ദഹിക്കാൻ സഹായിക്കുന്നു. മാത്രമല്ല ഭക്ഷണം കുതിർത്ത് കഴിക്കുന്നത് വണ്ണം കുറയ്ക്കുന്നതിനും ശരീരത്തിന് കൂടുതൽ പോഷണം നൽകുന്നതിനും സഹായിക്കുന്നു.

ഇതിന് പുറമെ പയറുവർഗ്ഗങ്ങൾ കുതിർത്ത് തൊലി കളഞ്ഞതിന് ശേഷമോ, വറുത്തതിന് ശേഷമോ വേവിക്കുന്നതാണ് കൂടുതൽ നല്ലതെന്നും പറയുന്നുണ്ട്. നട്സുകളും പയർ വർഗ്ഗങ്ങളും എട്ട് മണിക്കൂർ വരെയെങ്കിലും കുതിർത്ത് വെച്ചതിന് ശേഷം കഴിക്കണം എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നട്സുകളിൽ പ്രധാനിയാണ് ബദാം. ബദാമിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ബദാം കുതിര്‍ത്തു കഴിക്കുമ്പോള്‍ ബദാമിന്റെ തൊലിയില്‍ അടങ്ങിയിട്ടുള്ള ടാനിനുകളുടെയും ആസിഡുകളുടെയുമെല്ലാം അളവ് കുറയും. അതുകൊണ്ടുതന്നെ പോഷകങ്ങളുടെ ആഗീരണവും വേഗത്തിലാകും. സാധാരണ ബദാമിനേക്കാള്‍ വൈറ്റമിനുകളും എന്‍സൈമുകളും കുതിര്‍ത്ത ബദാമില്‍ അധികമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് കൂടുതല്‍ ഗുണം ചെയ്യും.

Read also:പ്രിയപ്പെട്ടവരെ മരണം കവർന്നു; വ്യത്യസ്തരീതിയിൽ സ്നേഹം പ്രകടിപ്പിച്ച് കർഷകൻ, വിഡിയോ

നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് കുതിര്‍ത്ത ബദാമില്‍. അതുമൂലം ദഹനം സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ബദാം കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലെ പ്രതിരോധശേഷിയെ മെച്ചപ്പെടുത്താനും കുതിര്‍ത്ത ബദാം കഴിക്കുന്നത് ഗുണം ചെയ്യും. ശരീര ഭാരം കുറയ്ക്കാനും ബദാം സഹായിക്കുന്നു.

Story highlights: benefits of soaking nuts