‘ഒരു മരണവും എന്നെ ഇങ്ങനെ ഉലച്ചിട്ടില്ല’ അസോസിയേറ്റ് ഡയറക്ടര്‍ ജയന്റെ വേര്‍പാടില്‍ വേദനയോടെ ബി ഉണ്ണികൃഷ്ണന്
സംവിധായകന് ബി ഉണ്ണികൃഷ്ണന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. അസോസിയേറ്റ് ഡയറക്ടറായിരുന്ന ജയനെ മരണം കവര്ന്നെടുത്തപ്പോള് പങ്കുവെച്ചതാണ് ഈ കുറിപ്പ്. ആരുടേയും ഉള്ളുതൊടും സംവിധിയകന്റെ വാക്കുകള്‍. സംവിധായകനായി അരങ്ങേറ്റം കുറിക്കാനിരിക്കവെയാണ് ജയകുമാര്‍ എന്ന ജയന് കൃഷ്ണയെ മരണം കവര്‍ന്നത്. ഹൃദയസ്തംഭനം ആയിരുന്നു മരണകാരണം.
ബി ഉണ്ണികൃഷ്ണന്റെ വാക്കുകള്‍
ജയന് പോയി, തികച്ചും അപ്രതീക്ഷിതമായി. ഒരു മരണവും എന്നെ ഇങ്ങനെ ഉലച്ചിട്ടില്ല. 2006-ല്‍, ഞാന്‍ സംവിധായകനായ ആദ്യചിത്രം മുതല്‍, അയാള്‍ എന്റെ അസോസിയേറ്റ് ഡയറക്റ്റര്‍ ആണ്. 2012- മുതല്‍ ചീഫ് അസ്സോസിയേറ്റും. കഴിഞ്ഞ 15 വര്‍ഷങ്ങളായി എന്റെ ജീവിതത്തിന്റെ തന്നെ ഭാഗമാണയാള്‍. എനിക്ക് സുഹൃത്തായിരുന്നു, സഹോദരനായിരുന്നു, താങ്ങായിരുന്നു, തണലായിരുന്നു, ജയന്. എനിക്ക് വേണ്ടതെന്തെന്ന് വാക്കുകളുടെ തുണയില്ലാതെ അറിഞ്ഞിരുന്നയാളായിരുന്നു, ജയന്.
എത്രയോ കാലമായി ഞാനയാളെ സ്വതന്ത്ര സംവിധായകനാവാന്‍ നിര്‍ബന്ധിക്കുന്നു. ചെറിയ ചിരിയോടെ അയാള്‍ പറയും,
‘ആവാം സാര്‍, ധൃതിയില്ലല്ലോ.’ അതെ, അയാള്‍ക്ക് ഒന്നിനും ധൃതിയില്ലായിരുന്നു. ആരോടും മത്സരമില്ലായിരുന്നു. നെറികെട്ട ആര്‍ത്തികളുടെ പരക്കംപാച്ചിലുകളില്‍ നിന്നും മാറി, നിര്‍മമതയോടെ അയാള്‍ നടന്ന് നീങ്ങി. മറ്റുള്ളവര്‍ക്ക് കീഴടക്കാന്‍ ഉയരങ്ങള്‍ കാട്ടിക്കൊടുത്തു, സഞ്ചാരപഥങ്ങള്‍ തുറന്നു കൊടുത്തു. ജയന് കൈപിടിച്ച് എന്റെ അരികിലേക്ക് കൊണ്ടുവന്നവരാണ് എഡിറ്റര്‍ ഷമീര്‍ മുഹമ്മദും, ഗാനരചയിതാവ് ഹരിനാരായണനുമൊക്കെ. മാസങ്ങള്‍ക്ക് മുമ്പ് ഷമീര്‍ എന്നോട് പറഞ്ഞു, ‘ ജയന് ചേട്ടന്റെ ആദ്യസിനിമ ഞാനും ജോമോനും ( ജോമോന് റ്റി ജോണ്‍) ചേര്‍ന്ന് പ്രൊഡ്യുസ് ചെയ്യും, കേട്ടോ സാറെ’.
ജയന് എന്നെ വിളിച്ചു, ‘ സാര്‍ ആദ്യ സിനിമ ഒരു ബയോപിക്കാണ്. എല്ലാം തീരുമാനിച്ചു.’ അഭിനന്ദനം പറഞ്ഞ് ഞാന്‍ സംസാരം അവസാനിപ്പിക്കും മുമ്പ്, അയാള്‍ എന്നോട് ചോദിച്ചു, ‘ നമ്മള് എപ്പൊഴാ അടുത്ത പടത്തിന്റെ വര്‍ക്ക് തുടങ്ങുന്നേ?’ സ്വന്തം സിനിമക്ക് തയ്യാറെടുക്കുമ്പോഴും അയാള്‍ക്ക് എന്നെ വിട്ട് പോകാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ കാര്‍ക്കശ്യത്തോടെ പറഞ്ഞു, ‘ ജയാ, ജയന്റെ സിനിമയ്ക്ക് നല്ല ഹോംവര്‍ക്ക് വേണം. അതില്‍ ഫോകസ് ചെയ്യ്. നമ്മുടെ പടത്തെക്കുറിച്ച് പിന്നെ സംസാരിക്കാം.’ എന്നോട് ആധികാരികത കലര്‍ന്ന ഇഴയടുപ്പം ഉണ്ടായിരുന്നു, അയാള്‍ക്ക്.
ഷമീര്‍ ഫോണില്‍ പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് തോന്നി, എനിക്ക് ചുറ്റും എല്ലാം നിലച്ചെന്ന്. ഒരു മഹാനിശബ്ദത, ഹിമപാളികള്‍ പോലെ വന്നെന്നെ മൂടി. ഞാന്‍ തീര്‍ത്തും ഒറ്റക്കായിപ്പോയി. ഒന്നിനും ധൃതികാണിക്കാത്ത എന്റെ ജയന് ഏറ്റവും തിടുക്കത്തില്‍ ഇവിടെ നിന്ന് പോയിക്കളഞ്ഞു. വലിയ സ്വപ്നങ്ങളൊന്നും ബാക്കിവെച്ചിട്ടല്ല, ജയന് പോയത്. വെട്ടിപിടിക്കലുകള്‍ അയാളുടെ അജണ്ടയില്‍ ഇല്ലായിരുന്നു. അയാള്‍ ശേഷിപ്പിച്ചത് ഓര്‍മ്മകളാണ്.
ഇപ്പോള്‍ എന്റെ മുറിയില്‍ ഒറ്റക്കിരുന്ന് എനിക്ക് ജയന് എന്തായിരുന്നുവെന്ന് ഞാന്‍ അറിയുന്നു. അയാള്‍ എനിക്ക് തന്ന സ്നേഹത്തിന് ഉറച്ച മണ്ണിന്റെ പേശീബലമുണ്ടായിരുന്നു. അരയാലിന്റെ തണലുണ്ടായിരുന്നു. അമ്മയുടെ വിയര്‍പ്പിന്റെ നിസ്വാര്‍ത്ഥതയുണ്ടായിരുന്നു. ചാവേറിന്റെ വീറും ബോധ്യവുമുണ്ടായിരുന്നു. പകരം ഞാന്‍ അയാള്‍ക്ക് എന്ത് കൊടുത്തു എന്നെനിക്കറിയില്ല. പൂര്‍ണ്ണമായും ഇരുട്ട് മൂടിക്കഴിഞ്ഞ ജയന്റെ ബോധസ്ഥലികളില്‍ ഞാന്‍ കൊടുത്തതെല്ലാം മറഞ്ഞ് കിടപ്പുണ്ട്. എനിക്ക് അത് കണ്ടെത്താനാവില്ല. കാരണം, നീ എന്നെ നിന്നില്‍ നിന്ന് പുറത്താക്കിയല്ലോ, ജയാ… നിനച്ചിരിക്കാതെ, ഏറെ തിടുക്കത്തില്‍.
Story highlights: Director B Unnikrishnan about his associate Jaya Krishna