‘നിനക്ക് ഈ വീട്ടില്‍ എപ്പോഴും കയറി വരാനുള്ള അവകാശമുണ്ട്.. നീ എന്റെ ഈഡന്റെ മകനാണ്’; ഉള്ളുതൊടും ഈ അനുഭവം

August 8, 2021
Heart touching words of Hibi Eaden about Mammootty

അവതരിപ്പിക്കുന്ന കഥപാത്രങ്ങളെ പരിപൂര്‍ണതയിലെത്തിച്ച് കൈയടി നേടുന്ന താരമാണ് മമ്മൂട്ടി. അഞ്ച് പതിറ്റാണ്ടുകള്‍ കടന്നു അദ്ദേഹം വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട്. മമ്മൂട്ടിയെക്കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്ന കുറിപ്പുകളും നിരവധിയാണ്. ഒരു ചലച്ചിത്രതാരം എന്നതിനും അപ്പുറം മമ്മൂട്ടി എന്ന മനുഷ്യന്റെ ഒരു നന്മ പങ്കുവെച്ചിരിക്കുകയാണ് എം പി ഹൈബി ഈഡന്‍.

ഹൈബി ഈഡന്റെ വാക്കുകള്‍

കെ.എസ്.യു ജില്ലാ പ്രസിഡന്റായിരുന്ന സമയത്ത് സഹോദരിയ്ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് വഴി ജോലി ലഭിച്ചു. ആദ്യ പോസ്റ്റിംഗ് ബാംഗ്ലൂരില്‍. നാട്ടിലേക്കൊരു സ്ഥലം മാറ്റം വേണം. പലവഴി നോക്കി നടന്നില്ല. അപ്പോഴാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയ മമ്മുക്കയെ കുറിച്ചോര്‍ക്കുന്നത്. ഉടനെ സിനിമ നിര്‍മ്മാതാവ് ആന്റോ ജോസഫിനെ വിളിച്ച് മമ്മുക്കയുടെ ഒരു അപ്പോയ്ന്റ്‌മെന്റ് തരപ്പെടുത്തി.അന്ന് എന്റെ കൂടപ്പിറപ്പായ കവസാക്കി ബൈക്കുമെടുത്ത് മമ്മുക്കയുടെ വീട്ടിലേക്ക് കുതിച്ചു. നല്ല മഴയായിരുന്നു. ഷര്‍ട്ടും മുണ്ടുമെല്ലാം നനഞ്ഞു കുതിര്‍ന്ന് മമ്മുക്കയുടെ വീടിന്റെ കാര്‍പോര്‍ച്ചില്‍ ശങ്കിച്ചു നിന്നു. ഈ കോലത്തില്‍ കേറണോ?

തന്നെ കണ്ടയുടനെ മമ്മുക്ക വലിയ വാത്സല്യത്തോടെ വീട്ടില്‍ കയറ്റിയിരുത്തി ഒരു ഗ്ലാസ് കട്ടന്‍ ചായ തന്നിട്ട് പറഞ്ഞു. ‘നിനക്ക് ഈ വീട്ടില്‍ എപ്പോഴും കയറി വരാനുള്ള അവകാശമുണ്ട്.. നീ എന്റെ ഈഡന്റെ മകനാണ് ‘. എറണാകുളം ലോ കോളേജിലെ പഴയ സഹപാഠിയുടെ മകനെ അദ്ദേഹം സ്വീകരിച്ച രീതി ഏറെ കൗതുകകരമായിരുന്നു. അന്നേ വരെ മനസില്‍ കണ്ടിരുന്ന കാര്‍ക്കശ്യക്കാരനായ മമ്മുട്ടി അലിഞ്ഞില്ലാതെ പോയി. അദ്ദേഹത്തെ അടുത്തറിഞ്ഞ എല്ലാവര്ക്കും ഇത് തന്നെയായിരിക്കും പറയാനുള്ളത്. ഉടന്‍ തന്നെ ഫോണെടുത്ത് സൗത്ത് ബാങ്കില്‍ വിളിച്ചു കാര്യം പറഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞു തീരുമാനമായില്ല. ഒരിക്കല്‍ കൂടി അദ്ദേഹത്തെ കണ്ടു. അടുത്ത തവണ അദ്ദേഹം ബാങ്ക് അധികൃതരോട് സംസാരിച്ചത് കൂടുതല്‍ കടുപ്പത്തിലായിരുന്നു. ഈ സ്ഥലം മാറ്റം ശരിയായില്ലെങ്കില്‍ ബാങ്കിന്റെ പരസ്യത്തില്‍ താന്‍ ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ സ്ഥലം മാറ്റം ശരിയായി. സഹോദരി നാട്ടിലെത്തി. അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ഇത്തരം കഥകള്‍ പറയാനുണ്ടാകും.

ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടയിലാണ്, മലയാള സിനിമയ്ക്ക് മമ്മുക്കയെ ലഭിച്ചിട്ട് 50 വര്‍ഷം തികഞ്ഞു എന്നറിയുന്നത്. ലോക സിനിമ മേഖലയ്ക്ക് മലയാളം സമ്മാനിച്ച ഏറ്റവും വലിയ പ്രതിഭയാണ് മമ്മുട്ടി. ഒരു കലാകാരന്‍ എന്നതിലുപരി തികഞ്ഞ മനുഷ്യ സ്‌നേഹി കൂടിയാണ് അദ്ദേഹം. 2013 ല്‍ സൗഖ്യം മെഡിക്കല്‍ ക്യാമ്പ് ആരംഭിക്കുമ്പോള്‍ മുഖ്യാതിഥി ആയി എത്തിയത് മുതല്‍ കഴിഞ്ഞ മാസം കോവിഡ് പോസിറ്റീവ് രോഗികള്‍ക്കായുള്ള മരുന്ന് വിതരണത്തിന്റെ ഭാഗമായത് വരെ ഒരു ജനപ്രതിനിധി എന്ന നിലയിലും അദ്ദേഹം നല്‍കിയ പിന്തുണ കുറച്ചൊന്നുമല്ല.

വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളിലാണ് ഞങ്ങളുള്ളതെങ്കിലും എനിക്ക് പൊതു പ്രവര്‍ത്തന മേഖലയില്‍ അദ്ദേഹം നല്‍കിയ പ്രോത്സാഹനങ്ങള്‍ അവിസ്മരണീയമാണ്. ഇനിയും ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ നമ്മുടെ അഭിമാനമായി നിലകൊള്ളാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Story highlights: Heart touching words of Hibi Eaden about Mammootty