അതിജീവനത്തിന്റെ പ്രതീക്ഷയില്‍ ഓണത്തെ വരവേറ്റ് മലയാളികള്‍
‘കാണം വിറ്റും ഓണം ഉണ്ണണ’മെന്നാണ് പഴമക്കാര്‍ പറയാറ്. പൂര്‍ണ്ണ അവകാശമുള്ള വസ്തുക്കള്‍ക്കാണ് പൊതുവെ കാണം എന്നു പറഞ്ഞിരുന്നത്. കൊവിഡ് 19 എന്ന മഹാമാരിയുടെ സാഹചര്യത്തിലും പുത്തന്‍ പ്രതീക്ഷകളോടെ ഓണത്തെ വരവേറ്റിരിക്കുകയാണ് മലയാളികള്‍. ഈ മഹമാരിക്കാലം മാനവര്‍ക്ക് നല്കിയ പ്രതിസന്ധികള്‍ ചെറുതല്ല. ഓരോ പ്രതിസന്ധികളേയും മറികടക്കാന്‍ പ്രതിരോധം തുടരുകയാണ് കേരളക്കര.
തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് കേരളം കൊവിഡ് പശ്ചാത്തലത്തില്‍ ഓണം ആഘോഷിക്കുന്നത്. കൊവിഡ് എന്ന മഹാമാരിയില്‍ നിന്നുള്ള അതിജീവനത്തിന്റെ പ്രതീക്ഷയിലാണ് ഓരോ മലയാളികളും തിരുവോണത്തെ വരവേറ്റിരിക്കുന്നതും. പ്രിയപ്പെട്ട പലരേയും ഈ മഹമാരി കവര്‍ന്നെടുത്തിട്ടുണ്ട്. പത്തൊന്‍പതിനായിരത്തിലധികം പേരാണ് കൊവിഡ് മൂലം കേരളത്തിലിതുവരെ മരണപ്പെട്ടത്. പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. ചിലരുടെ പ്രിയപ്പെട്ട സ്വപ്നങ്ങളേയും കൊവിഡ് കവര്‍ന്നിട്ടുണ്ട്.
ഈ കെടുതികള്‍ക്കെല്ലാം ഇടയിലും കേരളത്തിന്റെ പ്രതിരോധം ശക്തമാണ്. മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം, വാക്സിന് അങ്ങനെ എല്ലാത്തരത്തിലും മഹാമാരിക്കെതിരെ കേരളം പ്രതിരോധം തീര്‍ത്തിരിക്കുന്നു. കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര തലത്തില്‍ പോലും ശ്രദ്ധ നേടി. കൊവിഡ് പോരാട്ടത്തില്‍ മുന്നില്‍ നിന്നും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ തിരുവോണ നാളിലും ബിഗ് സല്യൂട്ട്. ആരോഗ്യ പ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരുമെല്ലാം ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ ചെറുതല്ല.
നഷ്ടങ്ങളുടെ മഹാമാരിക്കാലത്താണ് ഓണം ആഘോഷിക്കുന്നതെങ്കിലും മലയാളികള്‍ക്ക് ഓര്‍ത്ത് അഭിമാനിയ്ക്കാന്‍ ഒന്നുണ്ട്. ഒത്തൊരുമ. ലോകമനസാക്ഷികള് കൈയടിച്ച; മലയാളികള്‍ക്ക് മാത്രമെന്ന് അവകാശപ്പെടാനാകുന്ന നന്മ. ജാതി- മത- രാഷ്ട്രീയ ഭേദമന്യേ കൊവിഡ് പ്രതിരോധത്തില്‍ സുസജ്ജമാണ് മലയാളികള്‍. ഈ ഓണക്കാലത്തും ആഘോഷങ്ങളുടെ പകിട്ടിന് മാത്രം മങ്ങലേല്പിക്കാനേ കൊവിഡിന് കഴിഞ്ഞിട്ടുള്ളു. ആഘോഷങ്ങള്‍ക്കപ്പുറം വിശാലമാണ് മലയാളികള്‍ക്ക് തിരുവോണം.
ഓണനാളില്‍ പാതാളത്തില്‍ നിന്നും സന്ദര്‍ശനത്തിനെത്തുന്ന മഹാബലി തമ്പുരാന് ഒന്ന് ഓര്‍ത്ത് അഭിമാനിക്കാം. ജാതിയും മതവും രാഷ്ട്രീയവുമെല്ലാം മറന്ന് അതിജീവനത്തിനുള്ള പോരാട്ടത്തില്‍ ഒറ്റക്കെട്ടായിരിക്കുകയാണ് കേരളം. നെഞ്ച് പിളര്‍ക്കുന്ന വേദനകളിലും ഒരിത്തിരി സ്നേഹവും കരുതലും സാഹോദര്യവും മതി മലയാളികള്‍ക്ക് നെഞ്ചോട് ചേര്‍ക്കാന്‍. ഇതാണ് കേരളത്തിന്റെ സമ്പന്നത. ഓണവിപണി സജീവമല്ലെങ്കിലും മലയാളികള്‍ക്ക് ഇന്ന് മനസ്സറിഞ്ഞ് ഓണമുണ്ണാം; അന്യം നിന്നുപോകാത്ത നന്മകളെയോര്‍ത്ത്. അതിജീവനത്തിന്റെ ഒരായിരം നുറുങ്ങുവെട്ടങ്ങള്‍ ചേര്‍ന്ന് കേരളം ഇനിയും പ്രകാശിക്കട്ടെ… വീണ്ടെടുപ്പിന്റെ നല്ല പ്രഭാതങ്ങള്‍ വിരിയട്ടെ… മാവേലി നാടുവാണിടും കാലം പോലെ കള്ളവും ചതിയുമില്ലാതെ എല്ലാവരും ഒന്നായിടട്ടെ.
Story highlights: Keralites celebrating Onam of survival