ക്യാമ്പസ് പശ്ചാത്തലത്തിലെത്തുന്ന സസ്‌പെന്‍സ് ത്രില്ലര്‍ കൂറ പ്രേക്ഷകരിലേയ്ക്ക്
ചെന്നൈയിലെ കലാലയം പശ്ചാത്തലമാക്കി ഒരുക്കുന്ന കൂറ എന്ന ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തുന്നു. കൊവിഡ് പ്രതിസന്ധിമൂലം തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടേയും സൈന പ്ലേയിലൂടെയുമാണ് ചിത്രത്തിന്റെ റിലീസ്. സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തും.
നവാഗതനായ വൈശാഖ് ജോജന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്‍ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകനാണ്. ജോജന്‍ സിനിമാസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രളയം, കൊവിഡ് തുടങ്ങിയ പല സാഹചര്യങ്ങളേയും അതിജീവിച്ചുകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം കൂടിയാണ് കൂറ.
Read more: തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാരുങ്കെടി…. ഹിറ്റ് ഗാനം ഗംഭീരമാക്കി കുരുന്ന് ഗായകര്‍
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. നിതിന്‍ പീതാംബരന്‍, ഏ.ജി ശ്രീരാഗ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയത്. ഒരുകാലത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പസ് സിനിമാസംരഭങ്ങളെ വീണ്ടെടുക്കാനുള്ള ഒരു പരിശ്രമം കൂടിയാണ് കൂറ.
നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്. നായികാ കഥാപാത്രമായ സിസ്റ്റര്‍ ജെന്‍സി ജെയ്‌സണെ അവതരിപ്പിക്കുന്നത് പുതുമുഖതാരം കീര്‍ത്തി ആനന്ദന് ആണ്. ചിത്രത്തിലെ നായകനുള്‍പ്പെടെയുള്ളവരും പുതുമുഖങ്ങളാണ്. പരിസ്ഥിതി പ്രവര്‍ത്തകനായ പ്രൊ. ശോഭീന്ദ്രന്‍ ഉള്‍പ്പെടെ ഒരുകൂട്ടം കോളജ് അധ്യാപകരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളായെത്തുന്നു.
Story highlights: Koora Movie Release date announced