ആദ്യം വേണ്ടെന്നുവെച്ച സിനിമ പിന്നീട് സൂപ്പര്‍ ഹിറ്റ്; മനസ്സു തുറന്ന് കുഞ്ചാക്കോ ബോബന്‍
നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകസ്വീകാര്യത നേടിയ താരമാണ് കുഞ്ചാക്കോ ബോബന്‍. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും താരം പരിപൂര്‍ണതയിലെത്തിക്കുന്നു. കുഞ്ചാക്കോ ബോബന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ പ്രേക്ഷക മനസ്സുകളിലേക്ക് ഓടിയെത്തുന്ന ഒന്നാണ് അനിയത്തിപ്രാവ് എന്ന സിനിമ. ഈ ചിത്രത്തെക്കുറിച്ച് ചില അറിയാക്കഥകള്‍ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ഓണത്തോട് അനുബന്ധിച്ച് ട്വന്റിഫോര്‍ ന്യൂസ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് താരം മനസ്സു തുറന്നത്.
ആദ്യം വേണ്ടെന്നു വെച്ച ചിത്രമായിരുന്നു അനിയത്തിപ്രാവ് എന്ന് താരം പറഞ്ഞു. അച്ഛന്റേയും സുഹൃത്തുക്കളുടേയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചിത്രത്തിന്റെ ഭാഗമായത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌ക്രീന്‍ ടെസ്റ്റിന് പോയെങ്കിലും ഇത് പറ്റിയ പണിയല്ലെന്ന് തോന്നി പിന്മാറിയിരുന്നു. പക്ഷെ ഫാസില്‍ കുഞ്ചാക്കോ ബോബന്‍ തന്നെ മതി നായകനായി എന്ന് തീരുമാനിച്ചിരുന്നു. കോളജില്‍ പോകുന്ന ലാഘവത്തോടെയാണ് ഷൂട്ടിങ്ങിന് താരം പോയത്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഓര്‍ത്തു വയ്ക്കപ്പെടുന്ന ഹിറ്റ് ചിത്രമാകും അനിയത്തിപ്രാവ് എന്ന് വിചാരിച്ചിരുന്നില്ല എന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
1981 ല്‍ ഫാസില്‍ സംവിധാനം നിര്‍വഹിച്ച ധന്യ എന്ന ചിത്രത്തില്‍ ബാലാതാരമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. അനിയത്തിപ്രാവ്, നക്ഷത്രതാരാട്ട്, നിറം, പ്രിയം, ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്നക്കൂട്, ഈ സ്നേഹതീരത്ത്, ലോലിപ്പോപ്പ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഓര്‍ഡിനറി, മല്ലുസിങ്, ട്രാഫിക്, സീനിയേഴ്സ്, സെവന്‍സ്, ഡോക്ടര്‍ ലൗ, റോമന്‍സ്, രാമന്റെ ഏദന്‍തോട്ടം, തട്ടുംപുറത്ത് അച്യുതന്‍, അള്ള് രാമേന്ദ്രന്‍, വൈറസ്, അഞ്ചാംപാതിര, നായാട്ട്, നിഴല്‍ തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങിയ താരമാണ് കുഞ്ചാക്കോ ബോബന്‍. താരത്തിന്റേതായി നിരവധി ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Story highlights: Kunchacko Boban about behind the story of Aniyathipravu movie