കേന്ദ്ര കഥാപാത്രങ്ങളായി ചിയാന്‍ വിക്രവും മകന്‍ ധ്രുവും; മഹാന്‍ ഒരുങ്ങുന്നു

August 21, 2021
Mahaan

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള നടനാണ് ചിയാന്‍ വിക്രം. പലപ്പോഴും ചലച്ചിത്രലോകത്ത് വേഷപ്പകര്‍ച്ചകൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കാറുണ്ട് താരം. ഏതൊരു കഥാപാത്രത്തെയും അതിന്റെ പൂര്‍ണ്ണതയില്‍ വിക്രം അവതരിപ്പിക്കുന്നു. വിക്രമിന്റെ സ്നേഹാര്‍ദ്രമായ സംസാരശൈലിയും പലപ്പോഴും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കാറുണ്ട്. മകന്‍ ധ്രുവ് വിക്രത്തിനുമുണ്ട് ആരാധകര്‍ ഏറെ.

ഇരുവരും ഒരുമിച്ചെത്തുകയാണ് പുതിയ ചിത്രത്തില്‍. സിനിമയുടെ പ്രഖ്യാപനം നേരത്തെ നടത്തിയെങ്കിലും പേര് പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റും ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. മഹാന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ചിയാന്‍ വിക്രമിന്റെ കരിയറിലെ 60-ാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

Read more: നീയെന്‍ കിനാവോ…; പാട്ട് പ്രേമികളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ ഗാനം ആലപിച്ച് നാദിര്‍ഷയും ദേവനന്ദയും

കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ത്രില്ലര്‍ സ്വഭാവമാണ് ചിത്രത്തിനെന്നാണ് സൂചന. ചെന്നൈ ആസ്ഥാനമാക്കിയുള്ള ഗ്യാങ്സ്റ്റര്‍ കഥ പ്രമേയമാക്കിയാണ് മഹാന്‍ ഒരുങ്ങുന്നത് എന്നും സൂചനയുണ്ട്. സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സിമ്രാന്‍, ബോബി സിംഹ, വാണി ഭോജന്‍ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Story highlights: Mahaan new movie Vikram and Dhruv Vikram