കേരളത്തിന്റെ അഭിമാന താരം പി ആർ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് മമ്മൂട്ടി
നീണ്ട നാൽപത്തിയൊന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യ ഹോക്കി പ്രതാപം തിരികെ നേടിയപ്പോൾ അഭിമാനമായത് കേരളത്തിനും കൂടിയാണ്. സൂപ്പർ സേവുകളിലൂടെ പി ആർ ശ്രീജേഷ് എന്ന കിഴക്കമ്പലം സ്വദേശിയാണ് ടീം ഇന്ത്യക്ക് വെങ്കലത്തിളക്കം സമ്മാനിച്ചത്. ഈ ഉജ്വല നേട്ടത്തിന് 2 കോടി രൂപയാണ് സംസ്ഥാന സർക്കാർ ശ്രീജേഷിന് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ, മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി ശ്രീജേഷിന്റെ വീട്ടിൽ നേരിട്ടെത്തി അഭിനന്ദനം അറിയിച്ചിരിക്കുകയാണ്.
2006 ലെ കൊളംബോയിൽ നടന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ സീനിയർ അരങ്ങേറ്റം മുതൽ, പി ആർ ശ്രീജേഷ് ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ ഒരു വലിയ പ്രതീക്ഷ തന്നെയായിരുന്നു. ഒളിമ്പിക്സിൽ ഇന്ത്യയുടെ 41 വർഷത്തെ ഇരുണ്ട അധ്യായം മറികടന്ന ടീമിന്റെ പ്രധാന ഭാഗമായിരുന്നു 35 കാരനായ ശ്രീജേഷ്. ജർമ്മനിക്കെതിരായ വെങ്കല മെഡൽ മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ നിരവധി സേവുകൾ അദ്ദേഹം പുറത്തെടുത്തു.
എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമത്തിൽ ജനിച്ച ശ്രീജേഷ് ലോംഗ് ജമ്പിലേക്കും വോളിബോളിലേക്കും എത്തുന്നതിന് മുൻപ് കുട്ടിക്കാലത്ത് ഒരു സ്പ്രിന്ററായി പരിശീലനം നേടിയിരുന്നു. ഹോക്കിയിൽ ഗോൾകീപ്പിംഗിലേക്ക് ശ്രദ്ധതിരിച്ചത് പന്ത്രണ്ടാം വയസിലാണ്.
2014 ൽ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡലിലേക്കുള്ള ഇന്ത്യയുടെ നേട്ടത്തിലെ താരമായിരുന്നു ശ്രീജേഷ്. ഫൈനലിൽ പാകിസ്ഥാനെതിരെ രണ്ട് പെനാൽറ്റി സ്ട്രോക്കുകളാണ് ശ്രീജേഷ് സംരക്ഷിച്ചത്. ആ വർഷം അവസാനം ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയെങ്കിലും ടൂർണമെന്റിന്റെ ഗോൾകീപ്പറായി ശ്രീജേഷിനെ തിരഞ്ഞെടുത്തു. മാന്വൽഫ്രെഡറികിന് ശേഷം പതിറ്റാണ്ടുകൾക്കിപ്പുറം പി ആർ ശ്രീജേഷിലൂടെ ഒളിമ്പിക്സ് ഹോക്കി മെഡൽ കേരളത്തിലേക്കും എത്തിച്ച ശ്രീജേഷിന് അഭിനന്ദന പ്രവാഹമാണ്.
Story highlights- Mammootty congratulates PR Sreejesh