വിഘ്‌നേഷ് ശിവൻ വരികളെഴുതിയ ‘നെട്രിക്കണ്ണി’ലെ ഗാനം- വിഡിയോ

August 5, 2021

നയൻതാര നായികയായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് നെട്രിക്കൺ. ചിത്രത്തിന്റെ അണിയറപ്രവർത്തകർ സിനിമയുടെ ടൈറ്റിൽ ഗാനം ഇപ്പോൾ പുറത്തുവിട്ടു. ‘നെട്രിക്കൺ’ എന്ന് പേരിട്ടിരിക്കുന്ന അപ്‌ബീറ്റ് ട്രാക്കിന് വരികളെഴുതിയിരിക്കുന്നത് വിഘ്നേഷ് ശിവനാണ്. ഗിരീഷ് ഗോപാലകൃഷ്ണൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് പൂർവി കൗട്ടിഷ് ആണ്.

‘ഇതും കടന്ന് പോഗും’ എന്ന ആദ്യഗാനവും അടുത്തിടെ ഇറങ്ങിയിരുന്നു. സിദ് ശ്രീറാം ആലപിച്ച ഗാനത്തിന് കാർത്തിക് എഴുതിയ വരികൾ ശ്രദ്ധേയമായിരുന്നു. നയൻ‌താര അന്ധകഥാപാത്രമായി എത്തുന്ന ചിത്രമാണ് നെട്രിക്കൺ. വിഘ്‌നേഷ് ശിവന്റെ പ്രൊഡക്ഷനിൽ ഒരുങ്ങുന്ന ‘നെട്രികൺ’ നയൻതാരയുടെ 65-ാമത്തെ ചിത്രം കൂടിയാണ്.

നയൻതാരയെ നായികയാക്കി വിഘ്‌നേഷ് ശിവൻ ഒരുക്കിയ ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ അഞ്ചാം വാർഷികത്തിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയത്. നെട്രിക്കൺ എന്ന പേരിൽ 1981ൽ രജനികാന്ത് നായകനായ ചിത്രം റിലീസ് ചെയ്തിരുന്നു.

ചിത്രത്തിനായി ഗിരീഷ് സംഗീതവും, കാർത്തിക് ഗണേഷ് ജി ഛായാഗ്രഹണവും, ലോറൻസ് കിഷോർ എഡിറ്റിംഗും നിർവഹിക്കുന്നു. മിലിന്ദ് റാവു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം, ‘ലൗ ആക്ഷൻ ഡ്രാമ’യ്ക്ക് ശേഷം മലയാളത്തിൽ സജീവമാകുകയാണ് നയൻതാര.

Read More: ‘എന്തിനാ മമ്മൂക്കാ, എന്നെ ഇങ്ങനെ വാരുന്നത്?’- കാർത്തികയും മമ്മൂട്ടിയും തമ്മിലുള്ള 34 വർഷം മുൻപുള്ള രസകരമായൊരു സംഭാഷണം

കുഞ്ചാക്കോ ബോബനൊപ്പം നിഴൽ എന്ന ചിത്രത്തിലാണ് നയൻതാര ഏറ്റവുമൊടുവിൽ വേഷമിട്ടത്. സംസ്ഥാന പുരസ്‌കാര ജേതാവായ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്ത ത്രില്ലർ ചിത്രമാണ് നിഴൽ. ഇനി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പാട്ട് എന്ന സിനിമയിലാണ് നയൻതാര വേഷമിടുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

Story Highlights- netrikkann title track