ഇതൊക്കെ ഇത്ര സിംപിൾ ആണോ; വെയ്റ്റ് ലിഫ്റ്ററായ ഒരു വയസുകാരൻ എടുത്തുയർത്തിയത് ആറു കിലോ ഭാരം, വിഡിയോ

August 28, 2021

മുതിർന്നവരുടെ സഹായമില്ലാതെ ആറു കിലോഗ്രാം ഭാരം എടുത്തുയർത്തുന്ന ഒരു കൊച്ചുമിടുക്കാനാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്. ഒരു വയസ്സ് മാത്രം പ്രായമുള്ള ഈ കുഞ്ഞുമോൻ ആറു കിലോഗ്രാം ഭാരമുള്ള വസ്തു എടുത്തുയർത്തുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ ഇടങ്ങളിൽ ഹിറ്റായി. 17 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വിഡിയോ കണ്ട് നിരവധിപ്പേരാണ് കുഞ്ഞിനെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്.

വെയ്റ്റ് ലിഫ്റ്റിങ്ങിൽ പരിശീലനം നേടിയ ആളുകളെപ്പോലെയാണ് ഈ ഒരു വയസുകാരൻ ഭാരമുള്ള വസ്തു എടുത്തുയർത്തുന്നത്. ആറു കിലോയോളം ഭാരമുള്ള ബോൾ പോലിരിക്കുന്ന വസ്തുവാണ് കുഞ്ഞ് എടുത്തുയർത്തുന്നത്. ആദ്യ ശ്രമത്തിൽ കുഞ്ഞിന് ഇതെടുത്ത് ഉയർത്താൻ കഴിഞ്ഞില്ലെങ്കിലും നിരന്തരമായുള്ള പരിശ്രമത്തിലൂടെ വളരെ എളുപ്പത്തിൽ ഈ കുഞ്ഞുമോൻ ഇതെടുത്ത് ഉയർത്തുന്നതും വിഡിയോയിൽ കാണുന്നുണ്ട്. ഏതാനും സെക്കന്റുകൾ ബോൾ ഉയർത്തിപ്പിടിച്ച് നിന്ന ശേഷം അത് തിരികെ താഴെ വയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്.

Read also: ഒലിവർ ട്വിസ്റ്റ് ഇനി ഇഖ്ബാൽ; ‘മെയ്‌ഡ്‌ ഇൻ ക്യാരവാൻ’ പ്രേക്ഷകരിലേക്ക്

അതേസമയം വിഡിയോ സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ കുഞ്ഞുമോനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേർ എത്തുന്നുണ്ട്. എന്നാൽ എല്ലുകൾ ഉറയ്ക്കാത്ത ഈ കുഞ്ഞുപ്രായത്തിൽ ഇത്തരത്തിലുള്ള അഭ്യസപ്രകടനങ്ങൾ നടത്തുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും എന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്.

Story highlights: one year old boy lifts six kg