‘ഇതിന് എനിക്ക് നിങ്ങളുടെ സ്നേഹം മാത്രം മതി, സ്നേഹം കൊണ്ട് കരയിപ്പിക്കുന്ന ഇന്ദ്രന്‍സ്; കുറിപ്പ്
ഹോം എന്ന ചിത്രത്തില്‍ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രമായെത്തിയ ഇന്ദ്രന്‍സ് അതിഗംഭീരമായ പ്രകടനമാണ് കാഴ്ചവെച്ചത്. നിരവധിപ്പേര്‍ അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ടും രംഗത്തെത്തുന്നുണ്ട്. സ്ക്രീനില്‍ മാത്രമല്ല ജീവിതത്തിലും അത്ഭുതപ്പെടുത്തുകയാണ് ഇന്ദ്രന്‍സ് എന്ന് നിര്‍മാതാവ് എന്‍ എം ബാദുഷ. സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുന്നുണ്ട്. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ മെയ്ഡ് ഇന്‍ ക്യാരവാനില്‍ ഇന്ദ്രന്‍സ് കഥാപാത്രമായെത്തുന്നുണ്ട്. ഷൂട്ടിങ്ങിന് ശേഷം നല്കിയ പാരിതോഷികം അദ്ദേഹം സ്വീകരിച്ചില്ല. സ്നേഹം മാത്രം മതി എന്ന ഇന്ദ്രന്‍സിന്റെ വാക്കുകളെക്കുറിച്ചും ബാദുഷ പങ്കുവെച്ചു.
എന്‍ എം ബാദുഷയുടെ വാക്കുകള്‍
ഹോമില്‍ നിന്നും എന്റെ മെയ്ഡ് ഇന്‍ കാരവാനില്‍ വന്ന് എന്റെ സിനിമയെ പൂര്‍ണതയില്‍ എത്തിച്ചു. ഇന്ദ്രന്‍സ് ചേട്ടാ എന്ത് പാവമാണ് നിങ്ങള്‍. രാവിലെ ഏഴു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ മറ്റൊരു സിനിമയില്‍ അഭിനയിച്ച ശേഷമാണ് എന്റെ സിനിമയുടെ സെറ്റില്‍ അദ്ദേഹമെത്തിയത്. എത്തിയ ഉടന്‍ ഒരു വിശ്രമവുമില്ലാതെ രാത്രി ഒമ്പതര വരെ ഞങ്ങളുടെ സെറ്റില്‍ അദ്ദേഹം അഭിനയിച്ചു.
ഷൂട്ടിംങ്ങ് കഴിഞ്ഞ് ഞാന്‍ കൊടുത്ത പാരിതോഷികം സ്വീകരിക്കാതെ അദ്ദേഹം പറഞ്ഞു, ഇതു ബാദുജിയുടെ ഭാര്യ നിര്‍മ്മിക്കുന്ന, സ്വന്തം കുടുംബത്തില്‍ നിന്നുള്ള ചിത്രമല്ലെ ഇതിന് എനിക്ക് നിങ്ങളുടെ സ്നേഹം മാത്രം മതി. ആ സ്നേഹത്തിനുമുന്നില്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു പോയി… ഹോമില്‍ നിങ്ങളെന്നെ കരയിപ്പിച്ചു. ഇപ്പോള്‍ നേരിട്ട് വന്ന് ജീവിതത്തില്‍ സ്നേഹം കൊണ്ട് കരയിപ്പിക്കുന്നു, നന്ദി ഇന്ദ്രന്‍സ് ചേട്ടാ..
1981-ല്‍ മലയാള സിനിമയില്‍ തുടക്കംകുറിച്ചതാണ് ഇന്ദ്രന്‍സ്. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് സുപരിചിതനായതെങ്കിലും ഇന്ദ്രന്‍സ് എന്ന കലാകാരന് വെള്ളിത്തിരയില്‍ എക്കാലവും ഒരുക്കുന്നത് അവിസ്മരണീയ കഥാപാത്രങ്ങളെ തന്നെയാണ്.
Story highlights: Producer N M Badusha about Indrans