പേര് ശ്രീജേഷ് എന്നാണോ…; എങ്കില്‍ ഇവിടെ കിട്ടും ഫ്രീയായി ഒരു ഷര്‍ട്ട്

August 12, 2021
Shirts are free for those named Sreejesh

ശ്രീജേഷ് എന്ന പേര് ഇന്ന് കേരളക്കര ഏറെ അഭിമാനത്തോടെ ചേര്‍ത്തു വയ്ക്കുന്നു. ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍കീപ്പര്‍ മലയാളിയായ പി ആര്‍ ശ്രീജേഷിനേയും മലയാളികള്‍ ഹൃദയത്തിലേറ്റുന്നു. നിരവധിപ്പേരാണ് പി ആര്‍ ശ്രീജേഷിന് അഭിനന്ദനങ്ങളറിയിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ശ്രീജേഷിന്റെ നേട്ടത്തില്‍ വേറിട്ട രീതിയില്‍ സന്തോഷം പ്രകടപ്പിക്കുകയാണ് ഒരു വസ്ത്ര വ്യാപാരി.

തന്റെ കടയിലെത്തുന്ന ശ്രീജേഷ് എന്ന് പേരുള്ള എല്ലാവര്‍ക്കും ഒരു ഷര്‍ട്ട് സമ്മാനമായി നല്‍കുകയാണ് കെ ഡി പ്രദീപ് കുമാര്‍. ചേര്‍ത്തല താലൂക്കിലെ എല്ലാ ശ്രീജേഷുമാര്‍ക്കും ഷര്‍ട്ട് സമ്മാനമായി നല്‍കിയാണ് ഇദ്ദേഹത്തിന്റെ ആഹ്ലാദ പ്രകടനം. കെഎല്‍ 32 ജെന്റ്‌സ് വെയര്‍ സ്ഥാപനത്തിന്റെ ഉടമയാണ് കെ ഡി പ്രദീപ് കുമാര്‍. ശ്രീജേഷ് എന്ന് പേരുള്ളവര്‍ ചേര്‍ത്തല തണ്ണീര്‍മുക്കം റോഡിലെ കടയിലെത്തിയാല്‍ ഷര്‍ട്ട് സമ്മാനമായി നേടാം. ഒളിമ്പിക്‌സില്‍ ഇന്ത്യ കൈവരിച്ച അഭിമാനകരമായ നേട്ടമാണ് ഇത്തരത്തില്‍ സമ്മാനങ്ങള്‍ നല്‍കാന്‍ കടയുടമയെ പ്രേരിപ്പിച്ചത്.

Read more: റാസ്പുടിൻ ചുവടുകളുമായി കുഞ്ഞു ബൈക്കിൽ മീനൂട്ടിയെ കാണാനെത്തിയ ആരാധിക; ഒപ്പം ഒരു സ്നേഹം നിറഞ്ഞ ആലിംഗനവും- വിഡിയോ

ടോക്യോ ഒളിമ്പിക്‌സില്‍ സൂപ്പര്‍ സേവുകള്‍ നടത്തി ഇന്ത്യയെ വിജയപ്പിക്കാന്‍ ശ്രീജേഷ് വഹിച്ച പങ്ക് ചെറുതല്ല. തിരുവനന്തപുരം കിഴക്കമ്പലം സ്വദേശിയാണ് പി ആര്‍ ശ്രീജേഷ്. 2006- മുതല്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഭാഗമാണ് പി ആര്‍ ശ്രീജേഷ്. ഒളിമ്പിക് മെഡല്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ കേരളീയന്‍ കൂടിയാണ് താരം. 1972-ല്‍ മ്യൂണിക് ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ ഇന്ത്യ വെങ്കല മെഡല്‍ നേടിയപ്പോള്‍ മാനുവല്‍ ഫെഡ്രിക്ക് എന്ന കേരളീയനും ആ നേട്ടത്തില്‍ പങ്കാളിയായിരുന്നു.


Story highlights: Shirts are free for those named Sreejesh