11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കായി പാടിയ ഗാനം: വിഡിയോ പങ്കുവെച്ച് ജി വേണുഗോപാല്‍

August 5, 2021
Singer G Venugopal about Kaithapram Damodaran Na

സംഗീതാസ്വാദകര്‍ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന നിരവധി ഗാനങ്ങള്‍ക്ക് വരികള്‍ കുറിച്ചിട്ടുണ്ട് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് കൈതപ്രത്തെക്കുറിച്ച് ഗായകന്‍ ജി വേണുഗോപാല്‍ പങ്കുവെച്ച കുറിപ്പ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സംഗീത ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ പാടിയ ഒരു പാട്ടിന്റെ വിഡിയോയും ഗായകന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ആഗസ്റ്റ് 4 ന് ആയിരുന്നു കൈതപ്രത്തിന്റെ ജന്മദിനം. പിറന്നാളിനോട് അനുബന്ധിച്ചാണ് ജി വേണുഗോപാല്‍ ഹൃത്യമായ കുറിപ്പ് പങ്കുവെച്ചത്.

കുറിപ്പ് ഇങ്ങനെ

ഇന്നലെ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ജന്മദിനമായിരുന്നു. എത്രയെത്ര മനോഹരഗാനങ്ങള്‍, അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്നവ, എന്റെ നാദത്തിലൂടെ പുറത്തു വന്നിരിക്കുന്നു, എത്രയെത്ര പാട്ടുകള്‍ ഒരു സുഗമസംഗീത കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായി മാറിയിരിക്കുന്നു! ഏതോ വാര്‍മുകിലില്‍, ആടെടീ ആടാടെടീ, ഇനി റിലീസ് ആകാനുള്ള ‘പ്ലാവില ‘ എന്ന പുതിയ ചിത്രത്തിലെ ഒരു ആര്‍ദ്ര ഗാനം. ഇവയെല്ലാം ഒരു അഛന്റെയും അമ്മയുടെയും വാത്സല്യം കൂടിച്ചേരുമ്പോള്‍ മാത്രം ഉത്ഭവിക്കുന്ന ഗാന സങ്കല്‍പ്പങ്ങളാണ്.

എന്റെ ഒട്ടേറെ ഗാനങ്ങള്‍ക്ക് ആണ്‍കിളിയുടെ താരാട്ട് ഭംഗിയുടെ ശില്‍പ്പ ചാരുത ചാര്‍ത്തിത്തന്ന കവിയാണ് കൈത്രപ്രം തിരുമേനി. ആര്‍ദ്രതയുടെയും വാത്സല്യാതിരേകത്തിന്റെയും വറ്റാത്തൊരു ഉറവ കൈതപ്രം എന്നും ഉള്ളില്‍ സൂക്ഷിച്ച് പോന്നു. തിരുവനന്തപുരത്ത് ഇടപ്പഴഞ്ഞി ക്ഷേത്രത്തിലെ ശാന്തിയായിരിക്കുമ്പോഴും, ഏറ്റവും തിരക്ക് പിടിച്ച ഗാന സൃഷ്ടാവായിരിക്കുമ്പോഴും തിരുമേനിയുടെ പെരുമാറ്റവും സംഭാഷണവും വ്യക്തിത്വവും എന്നും ഒരു പോലെയായിരുന്നു.

ജീവിതത്തിലെ കടുത്ത നിരാശകളും സൗഭാഗ്യങ്ങളും അദ്ദേഹം ഒരു പുഞ്ചിരിയോടെ നേരിട്ടു, സ്വീകരിച്ചു. ‘എന്നുണ്ണിക്കണ്ണനുറങ്ങാന്‍ മൂലോകം മുഴുവനുറങ്ങ് ‘ എന്നും, ‘നിന്നിളം ചുണ്ടില്‍ അണയും പൊന്നിളം കുഴലില്‍, ആര്‍ദ്രമാമൊരു ശ്രീരാഗം കേള്‍പ്പൂ ‘എന്നും സര്‍വ്വ മലയാളികളും ഏറ്റ് പാടിയത് ആ വരികളില്‍ തുടിക്കുന്ന സ്‌നേഹവും വാത്സല്യവും ആവോളം നുകര്‍ന്നു കൊണ്ടാണ്.

കൈതപ്രം തിരുമേനിയുടെ സംഗീത ജീവിതത്തിന്റെ ഇരുപത്തഞ്ചാം വര്‍ഷ ആഘോഷങ്ങള്‍ കോഴിക്കോട് തിരുവണ്ണൂരില്‍ നടക്കുമ്പോള്‍ ഞാനും അതില്‍ പങ്ക് ചേര്‍ന്ന് രണ്ട് പാട്ടുകള്‍ പാടുകയുണ്ടായി. മഞ്ജു മേനോനുമൊത്തുള്ള ഒരു യുഗ്മഗാനം ഇതാ… നിങ്ങള്‍ക്കായി.

Story highlights: Singer G Venugopal about Kaithapram Damodaran Namboothiri