ബോക്സിങ്ങില്‍ ലോകചാമ്പ്യനോട് പൊരുതി; ഇന്ത്യയുടെ ലവ്ലിന ബോര്ഗോഹെയ്ന് വെങ്കലം
ടോക്യോ ഒളിമ്പിക്സിന്റെ ആവേശം അലതല്ലുകയാണ് കായിക ലോകത്ത്. ഇന്ത്യയുടെ യശസ്സുയര്‍ത്തുന്ന നിരവധി പോരാട്ട ഗാഥകളും ടോക്യോയില്‍ നിന്നും ഉയരുന്നുണ്ട്. ബോക്സിങ്ങില്‍ വെങ്കലം നേടിയിരിക്കുകയാണ് ലവ്ലിന ബോര്ഗൊഹെയ്നിലൂടെ ഇന്ത്യ. വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് ലവ്ലിന ബോര്ഗോഹെയ്ന് വെങ്കലം നേടിയത്.
നിര്‍ണായകമായ സെമി ഫൈനല്‍ പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരമായ ബുസെനാസ് സുര്‍മെലെനിയോടാണ് ലവ്ലിന ബോര്‍ഗോഹെയ്ന പരാജയപ്പെട്ടത്. 5-0 ആണ് സ്കോര്‍. ലോക ഒന്നാം നമ്പര്‍ താരത്തോട് പൊരുതി തോറ്റെങ്കിലും വെങ്കല മെഡല്‍ നേടി രാജ്യത്തിന്റെ യശസ്സുയര്‍ത്തിയിരിക്കുകയാണ് ഈ പെണ്‍കരുത്ത്.
ഈ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡല്‍ ആണ് ലവ്ലിന ബോര്ഗോഹെയ്ന് സ്വന്തമാക്കിയത്. നിര്‍ണായക മത്സരത്തിലെ ആദ്യ റൗണ്ടില്‍ മികച്ച തുടക്കം കാഴ്ചവെച്ചെങ്കിലും പിന്നീട് ബോക്സിങ് റിങ്ങില്‍ തുര്‍ക്കി താരം ബുസെനാസ് ആധിപത്യം തീര്‍ക്കുകയായിരുന്നു. വെങ്കലമെഡല്‍ നേടി ലവ്ലിന ബോര്ഗോഹെയ്ന് റിങ്ങില്‍ നിന്നിറങ്ങിയപ്പോള്‍ ആ പോരാട്ടവീര്യത്തിന് കായിക ലോകം കൈയടിച്ചു.
ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തവണ വെങ്കല മെഡല്‍ നേടിയിട്ടുള്ള ബോക്സിങ് താരമാണ് ലവ്ലിന ബോര്ഗോഹെയ്ന്. വിജേന്ദര്‍ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ബോക്സിങ്ങില്‍ മെഡല്‍ നേടുന്ന താരം കൂടിയാണ് ലവ്ലിന ബോര്ഗോഹെയ്ന്.
Story highlights: Tokyo Olympics 2020: Lovlina earns bronze