നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സഹായഹസ്തവുമായി വിവോ; 300 മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു
കൊവിഡ് 19 എന്ന മഹാമാരി നമ്മെ വിട്ടകന്നിട്ടില്ല. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായാണ് ക്ലാസുകള്‍ പുരോഗമിക്കുന്നത്. എന്നാല്‍ നിര്‍ധനരായ പല വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ മൊബൈല്‍ ഫോണ്‍ ഇല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സഹായഹസ്തമായിരിക്കുകയാണ് വിവോ. ഇതിനോടകംതന്നെ നിരവധി വിദ്യാര്ത്ഥകളിലേയ്ക്ക് വിവോയുടെ സഹായമെത്തി.
വിവോയും ട്വന്റിഫോര്‍ ന്യൂസും ചേര്‍ന്ന് 300 നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി മൊബൈല്‍ ഫോണ്‍ നല്‍കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കാസര്‍ഗോഡ് എന്നീ നാല് ജില്ലകളിലെ 300 നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കാണ് വിവോ മൊബൈല്‍ സൗജന്യമായി നല്‍കുന്നത്. കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം സുഗകരമാക്കാന് സന്നദ്ധരായിരിക്കുകയാണ് വിവോ. വ്യാപാര മേഖലയിലെ വളര്‍ച്ചയ്ക്ക് ഒപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയ്ക്കും പ്രാധാന്യം നല്‍കുന്നുണ്ട് വിവോ.
പുതിയ അധ്യയന വര്‍ഷത്തിലും കൊവിഡ് പ്രതിസന്ധിമൂലം ഓണ്‍ലൈന്‍ ക്ലാസ് പുരോഗമിക്കുമ്പോള്‍ അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സൗകര്യം ഇല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിവോ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട് ഫോണ്‍ നല്കാന് തീരുമാനിച്ചത്. ഫ്ളവേഴ്സ് ഫാമിലി ക്ലബ് അംഗങ്ങളുടെ സഹായത്തോടെയാണ് അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികളെ കണ്ടെത്തി സഹായമെത്തിക്കുന്നത് എന്നും വിവോ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി എസ് സുധീര്‍ പറഞ്ഞു.
Story highlights: Vivo distributes 300 mobiles for poor students