ജനിച്ചപ്പോൾ ഒരു ആപ്പിളിന്റെ ഭാരം മാത്രം; ലോകത്തെ ഏറ്റവും ചെറിയ നവജാത ശിശു ഒരുവർഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി
ലോകത്തെ തന്നെ ഏറ്റവും ചെറിയ കുഞ്ഞ് എന്ന വിശേഷണവുമായാണ് ക്വെക് യു സുവാൻ എന്ന പെൺകുട്ടി പിറന്നത്. 2020 ജൂൺ 9 ന് ജനിച്ചപ്പോൾ ക്വെക് യു സുവാന് ഒരു ആപ്പിളിന്റെ ഭാരമായ 212 ഗ്രാം മാത്രമായിരുന്നു ഉണ്ടായിരുന്നത്. 25 ആഴ്ച മാത്രം പ്രായമുള്ളപ്പോൾ അടിയന്തിരമായി സിസേറിയൻ നടത്തിയാണ് ക്വെക് യു സുവാനെ പുറത്തെത്തിച്ചത്. ഇപ്പോൾ പതിമൂന്നു മാസങ്ങൾക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത് ക്വെക് യു സുവാൻ വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്.
അമ്മയ്ക്ക് പ്രീ എക്ലംസിയ ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് യു സുവാനെ അടിയന്തര സി-സെക്ഷൻ വഴി പുറത്തെടുത്തത്. മാസം തികയാതെ പ്രസവിച്ചതിനാൽ വളരെ ചെറുതായിരുന്നു ക്വെക് യു സുവാൻ. തൂക്കത്തിൽ മാത്രമല്ല, കാഴ്ചയിലും. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾക്കായുള്ള ഐസിയുവിലേക്ക് ആശുപത്രി ജീവനക്കാർ കുട്ടിയെ മാറ്റി.
ലോകത്ത് ആദ്യമായാണ് ഇങ്ങനെയൊരു സംഭവം നടക്കുന്നത്. അടിയന്തിര ഘട്ടങ്ങളിൽ കുഞ്ഞുങ്ങളെ പുറത്തേക്ക് എത്തിക്കാറുണ്ടെങ്കിലും ഇത്രയും ചെറിയ കുട്ടിയെ സിസേറിയനിലൂടെ പുറത്തെടുക്കുന്നത് ആദ്യമാണ്. കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്തുവിട്ടതും ആശുപത്രി അധികൃതരാണ്. കുഞ്ഞു പോരാളി എന്നാണ് അവർ ക്വെക് യു സുവാനെ വിശേഷിപ്പിച്ചത്.
Read More: ‘ഇറ്റ്സ് ടൈം ഫോർ ചിന്നമ്മ..’- രസികൻ നൃത്തവുമായി നമിത പ്രമോദ്
നാല് ആഴ്ചയിൽ മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അതിജീവന നിരക്ക് 70 ശതമാനമാണ്. അതുകൊണ്ട് നാല് മുതൽ ആറ് മാസം വരെ ആശുപത്രിയിൽകഴിഞ്ഞശേഷം ഡിസ്ചാർജ് ചെയ്യാറുണ്ട്. എന്നാൽ വലിപ്പക്കുറവ് കാരണം ക്വെക് യു സുവാൻ 13 മാസം ആശുപത്രിയിൽ കഴിയേണ്ടിവന്നു.
Story highlights- World’s smallest baby at birth