പ്രായം 101 വയസ്സ്, മടിയില്ലാതെ മത്സ്യബന്ധനം നടത്തുന്ന മുത്തശ്ശി
‘പ്രായമൊക്കെ വെറും നമ്പറല്ലേ…’, എന്ന് പറയാറുണ്ട് ചിലരെ കാണുമ്പോള്‍. ശരിയാണ് ചില ജീവിതങ്ങളെ അടുത്തറിയുമ്പോള്‍ പലരും പറയും പ്രായമൊക്കെ വെറുമൊരു നമ്പര്‍ മാത്രമാണെന്ന്. കാരണം പ്രായത്തെ വെല്ലുന്ന പ്രകടനങ്ങളിലൂടെ അവര്‍ നമ്മെ അതിശയിപ്പിയ്ക്കുന്നു. 101-ാം വയസ്സിലും യൗവ്വനത്തിന്റെ ചുറുചുറുക്കോടെ കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന ഒരു മുത്തശ്ശിയുണ്ട്.
വിര്‍ജീനിയ ഒലിവര്‍ എന്നാണ് ഈ മുത്തശ്ശിയുടെ പേര്. യുഎസ് വംശജ. പത്ത് വര്‍ഷത്തോളമായി കടലില്‍ പോയി കൊഞ്ചുകളെ പിടിയ്ക്കാന്‍ തുടങ്ങിയിട്ട്. പ്രായത്തിന്റെ അവശതകളൊന്നും തന്നെ ഈ മുത്തശ്ശിയുടെ ജോലിയെ തടസ്സപ്പെടുത്തുന്നില്ല എന്നതും കൗതുകകരമാണ്. 78 കാരനായ മകന് മാക്സുമുണ്ട് ഈ മുത്തശ്ശിക്കൊപ്പം കടലില്‍ മത്സ്യബന്ധനത്തിന് പോകാന്‍.
കുട്ടിക്കാലം മുതല്ക്കേ കടലിനെ അടുത്തറിഞ്ഞിട്ടുള്ള ആളുകൂടിയാണ് ഒലിവര്‍. ഏഴ് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ വിര്‍ജീനിയ ഒലിവര്‍ ആദ്യമായി കടലില്‍ പോയി. അതും അത്യാധുനിത സജ്ജീകരണങ്ങളൊന്നും നിലവിലില്ലാതിരുന്ന കാലത്ത്. പിന്നീടങ്ങോട്ട് പലപ്പോഴും ഉപജീവനമാര്‍ഗമായതും ഈ മത്സ്യബന്ധനം തന്നെയാണ്.
പ്രായം ഏറിയതുകൊണ്ടുതന്നെ വിര്‍ജീനിയ ഒലിവര്‍ ഇക്കാലത്ത് കടലില്‍ പോകുമ്പോള്‍ പലരും നിരുത്സാഹപ്പെടുത്താറുണ്ട്. എന്നാല്‍ അത്തരം വാക്കുകള്‍ക്കൊന്നും ഈ മുത്തശ്ശിയുടെ ആത്മവിശ്വാസത്തെ തകര്‍ക്കാന്‍ സാധിച്ചിട്ടില്ല. സാധിക്കുന്ന അത്രേയും കാലം മത്സ്യബന്ധനം തുടരും എന്ന് മാത്രമാണ് പിന്തിരിപ്പിക്കുന്നവരോട് ഒലിവര്‍ മുത്തശ്ശിക്ക് പറയാനുള്ളത്.
കടല്‍യാത്രയുടെ കാര്യത്തിലും തെല്ലും ഭയവുമില്ല ഈ മുത്തശ്ശിക്ക്. പുലര്‍ച്ചെ തന്നെ മകനൊപ്പം ബോട്ടില്‍ യാത്ര തിരിക്കും. ചെറിയ മത്സ്യത്തെ ചൂണ്ടയില്‍ കൊരുത്തിയാണ് കൊഞ്ച് പിടിയ്ക്കുന്നത്. ഒലിവറിന്റെ പിതാവും കൊഞ്ചുപിടുത്തക്കാരനായിരുന്നു. അങ്ങനെയാണ് ചെറുപ്പം മുതല്ക്കേ വിര്‍ജീനിയ ഒലിവറും ഈ മേഖലയിലേയ്ക്ക് തിരിഞ്ഞത്. ഒരു ജോലി എന്നതിനും അപ്പുറം ഏറെ ആസ്വദിച്ചുകൊണ്ടുമാണ് ഒലിവര്‍ മുത്തശ്ശി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നതും.
Story highlights: 101-year-old woman still harvesting lobsters