നന്മയും തിന്മയും ഒരുപോലെ ഒരേ വ്യക്തിയിൽ സന്നിവേശിപ്പിച്ച കഥാപാത്രം; രാക്ഷസരാജാവിന്റെ ഓർമയിൽ വിനയൻ
മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തിയ രാക്ഷസരാജാവ് എന്ന ചിത്രം. വിനയൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രം 2001 ലാണ് പ്രേക്ഷകരിലേക്കെത്തിയത്. മമ്മൂട്ടിയ്ക്ക് പുറമെ ദിലീപ്, കലാഭവൻ മണി, മീന, കാവ്യാ മാധവൻ, മന്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ചിത്രം റിലീസ് ചെയ്ത് 20 വർഷങ്ങൾ പിന്നിടുമ്പോൾ സിനിമയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ വിനയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സംവിധായകൻ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെച്ചത്.
രാക്ഷസ രാജാവ് റിലീസ് ആയിട്ട് ഇന്ന് 20 വർഷം തികയുകയാണ്.. അഭിനയകലയുടെ അഗ്രജൻ ആയ ശ്രീ മമ്മുട്ടിയുടെ വ്യത്യസ്തമായ ഒരു പൊലീസ് മുഖം പ്രേക്ഷകനു ലഭിച്ച ചിത്രമായിരുന്നു രാക്ഷസ രാജാവ്.. തികച്ചും കൈക്കുലിക്കാരനായ ഒരു പൊലീ സ് കമ്മീഷണർ ആയിരുന്നു രാമനാഥൻ ഐപിഎസ്. എന്നാൽ അയാൾ അഴിമതിക്കാരനോ അനീതിക്കു കൂട്ടു നിൽക്കുന്നവനോ അല്ല.. തല്ലാനും കൊല്ലാനും മടിയുള്ളവനല്ല രാനാഥൻ.. പക്ഷേ മനസ്സിൽ ആദ്രതയുള്ളവനും സഹാനുഭൂതി ഉള്ളവനും ആണ്.. നന്മയും തിന്മയും ഒരുപോലെ ഒരേ വ്യക്തിയിൽ സന്നിവേശിപ്പിച്ച കഥാപാത്രം..
ആ പരീക്ഷണ കഥാപാത്രത്തിൽ മമ്മുട്ടി നിറഞ്ഞാടി കൈയ്യടി നേടി മമ്മുക്കയുടെ കഥാപാത്രത്തിൽ മാത്രമായിരുന്നില്ല പുതുമ. കലാഭവൻ മണി ആദ്യമായി വില്ലൻ വേഷത്തിലെത്തിയ മന്ത്രി ഗുണശേഖരനും പ്രേക്ഷക പ്രശംസ നേടി.. ദിലീപിൻെറ അപ്പുവും ഏറെ ശ്രദ്ധിക്കപ്പെട്ടു.. 2000 ഡിസംബറിലായിരുന്നു “ദാദാസാഹിബ്” റിലീസ് ചെയ്തത് അതു തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന സമയത്തു തന്നെ 2001 ഫെബ്രുവരിയിൽ കരുമാടിക്കുട്ടൻെറ റീ റെക്കോഡിംഗ് ചെന്നൈയ്യിൽ നടക്കുമ്പോളാണ് പെട്ടെന്നു തന്നെ വീണ്ടും ഒരു മമ്മുട്ടി ചിത്രം കൂടി ചെയ്യണമെന്നുള്ള ആലോചന വന്നത്..
മമ്മുക്ക തന്നെ ആയിരുന്നു ആ നിർദ്ദേശം വച്ചത്… കരുമാടിക്കുട്ടൻ കഴിഞ്ഞ ഉടനേ തുടങ്ങാനിരുന്ന തമിഴ് ചിത്രം “കാശി” (വാസന്തിയും ലഷ്മിയുടെയും തമിഴ് പതിപ്പ്) മാറ്റി വച്ചിട്ടാണ് മമ്മുട്ടിച്ചിത്രം തുടങ്ങിമെന്നേറ്റത്… കൈയ്യിൽ കഥയൊന്നും ഇല്ലായിരുന്നു.. വിനയനൊന്നു ശ്രമിക്കു.. നടക്കും എന്ന മമ്മുക്കയുടെ പ്രചോദനമാണ് ഒരാഴ്ച കൊണ്ടൊരു കഥയുണ്ടാക്കി.. രണ്ടാഴ്ച കൊണ്ടതിൻെറ തിരക്കഥ എഴുതി ഷൂട്ടിംഗ് ആരംഭിക്കാൻ കഴിഞ്ഞത്..
അന്നത്തെ കാലത്ത് ഏറെ മാദ്ധ്യമ ശ്രദ്ധ നേടിയിരുന്ന ആലുവ കൊലക്കേസിൻെറ വാർത്തകളാണ് ആ കഥയ്ക് ഉപോൽബലകമായത്… ആ കേസിലെ പ്രതിയായ ആൻറണിയോടു സാമ്യമുള്ള ഒരു കഥാപാത്രത്തെ അന്നവതരിപ്പിച്ചത് ഇന്ദ്രൻസാണ്… ആ സിനിമയ്കായി ഞാനെഴുതിയ ഒരു ഗാനവും അന്നു ശ്രദ്ധ നേടി ‘സ്വപ്നം ത്യജിച്ചാൽ സ്വർഗ്ഗം ലഭിക്കും, ദു:ഖം മറന്നാൽ ശാന്തി ലഭിക്കും’..എന്നു തുടങ്ങുന്ന ഗാനം..
ബാക്കി മുന്നു ഗാനങ്ങളും അന്തരിച്ച ആരാധ്യനായ എസ് രമേശൻ നായരാണ് എഴുതിയത്.. സംഗീതം മോഹൻ സിതാരയും ക്യാമറ സഞ്ജീവ് ശങ്കറും ചെയ്തു. മുരളി ആയിരുന്നു എഡിറ്റിംഗ്. സർഗ്ഗം കബീർ നിർമ്മിച്ച രാക്ഷസരാജാവിൻെറ ഷൂട്ടിംഗ് സെറ്റിൽ വച്ച് ഒരു ഇടവേളയിലായിരുന്നു ഒരു പുതിയ ചെറുപ്പക്കാരനെ കൊണ്ടുവന്ന് അടുത്ത സിനിമയ്കായി ഫോട്ടോ ഷൂട്ട് നടത്തിയത്.. പൊലീസ് കമ്മീഷണറായി മേക്കപ്പിട്ടു വന്ന മമ്മുക്കയെ ഞാൻ ആ ചെറുപ്പക്കാരനെ പരിചയപ്പെടുത്തി. അതായിരുന്നു എൻെറ അടുത്ത ചിത്രമായ “ഊമപ്പെണ്ണിന് ഉരിയാടാപ്പൈയ്യനി”ൽ നായകനായി വന്ന ജയസുര്യ. ഇന്നു പിറന്നാളാഘോഷിക്കുന്ന ജയസൂര്യയ്ക്ക് ഈ അവസരത്തിൽ ഹൃദയം നിറഞ്ഞ ആശംസകൾ കൂടി നേരുന്നു.-വിനയൻ കുറിച്ചു.
Story highlights: 20 years of rakshasarajavu movie